ശബരിമലയില്‍ യുവതീ പ്രവേശനം വേണ്ട; നിലപാട് വ്യക്തമാക്കി നിരുപമ റാവു

ഇന്ത്യയെപ്പോലെ വിശാലമായ വിശ്വാസ രീതികള്‍ നിലവിലുള്ള രാജ്യത്ത് സാമൂഹ്യ സ്ഥിരത ഉറപ്പു വരുത്തുന്ന സമീപനം ഒരുക്കണമെന്നും നിരുപമ റാവു വ്യക്തമാക്കി.  

Last Updated : Jan 5, 2019, 11:47 AM IST
ശബരിമലയില്‍ യുവതീ പ്രവേശനം വേണ്ട; നിലപാട് വ്യക്തമാക്കി നിരുപമ റാവു

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനം വേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുന്‍ വിദേശകാര്യസെക്രട്ടറിയും മലയാളിയുമായ നിരുപമ റാവു.

മലപ്പുറത്തെ തറവാട് വീട്ടില്‍ വരുമ്പോള്‍ മുത്തശ്ശി പറഞ്ഞു തന്നിരുന്ന കഥകളില്‍ നിന്നാണ് ശബരമിലയെക്കുറിച്ചുള്ള വിശ്വാസം രൂപപ്പെട്ടതെന്നും ശബരിമലയില്‍ ഇതുവരെ പോയിട്ടില്ലെന്നും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ ആര്‍ക്കൊക്കെ പോകാം, ആരെല്ലാം പോകേണ്ട എന്നത് സംബന്ധിച്ചുള്ള വിശ്വാസം തിരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

കോടതി വിധിയെ പ്രായോഗിക തലത്തില്‍ സമീപിക്കണം. ഇന്ത്യയെപ്പോലെ വിശാലമായ വിശ്വാസ രീതികള്‍ നിലവിലുള്ള രാജ്യത്ത് സാമൂഹ്യ സ്ഥിരത ഉറപ്പു വരുത്തുന്ന സമീപനം ഒരുക്കണമെന്നും നിരുപമ റാവു വ്യക്തമാക്കി.

പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് യുഎഇയുടെ സഹായം നിഷേധിച്ചത് ഉചിതമായില്ലെന്നും നിരുപമ പറഞ്ഞു. ലക്ഷക്കണക്കിന് മലയാളികളാണ് യുഎഇയില്‍ ജോലി ചെയ്യുന്നതെന്ന് പറഞ്ഞ അവര്‍ പുനര്‍നിര്‍മ്മാണത്തിനുള്ള ആശയം മാത്രമല്ല, സഹായവും സ്വീകരിക്കാമെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ തുറന്ന സമീപനം വേണം എന്നും നിരുപമ പറഞ്ഞു. 

2006 ല്‍ ചൈനയിലെ നയതന്ത്രപ്രതിനിധിയായി നിരുപമ റാവു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്തോ ചൈന നയതന്ത്ര ബന്ധത്തിന്‍റെ പശ്ചാത്തലത്തില്‍ പുതിയ പുസ്തകത്തിന്‍റെ പണിപ്പുരയിലാണിപ്പോള്‍. ഈ വര്‍ഷം പുസ്തകം പുറത്തിറക്കും.

Trending News