തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനും തെക്കന്‍ കര്‍ണാടക തീരത്തിനും മധ്യേ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്...
സംസ്ഥാനത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും വ്യാഴാഴ്ചവരെ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കേരളത്തിനൊപ്പം ലക്ഷദ്വീപ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കനത്ത മഴ ലഭിക്കും. കേരളത്തിൽ പരക്കെ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
ന്യൂനമർദ്ദത്തിന്റെ സാന്നിധ്യത്തെ തുടർന്ന് കേരളത്തിലുടനീളം കനത്ത മഴ തുടരുകയാണ്. അറബിക്കടലിൽ രണ്ട് ന്യൂനമർദ്ദങ്ങളാണ് നിലവിലുള്ളത്. ഇതിലൊന്ന് പടിഞ്ഞാറൻ തീരത്തും രണ്ടാമത്തെ ന്യൂനമർദ്ദം ലക്ഷദ്വീപിനും കേരളത്തിനുമിടയിലുമാണ്. കേരള തീരത്തെ ന്യൂനമർദ്ദം കഴിഞ്ഞ 48 മണിക്കൂറിൽ കൂടുതൽ കരുത്താർജ്ജിച്ചിട്ടുണ്ട്. ഇത് "നിസർഗ" ചുഴലിക്കാറ്റാവും എന്നാണ് സൂചന.
കടൽ പ്രക്ഷുബ്ധമായിരിക്കാൻ സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച വരെ കേരള തീരത്തുനിന്നും ആരും മത്സ്യബന്ധനത്തിനു പോകരുതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും അറിയിച്ചു.
അതേസമയം, കേരളത്തിൽ കാലവർഷം എത്തിയതായുള്ള ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രത്യേക വാർത്തസമ്മേളനം നടക്കും.