)
വയനാട്: ബാങ്ക് നിയമനക്കോഴയിൽ കുരുങ്ങി വയനാട് മുൻ ഡിസിസി ട്രഷറർ എൻഎം വിജയനും മകനും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കേസിൽ കോൺഗ്രസ് നേതാക്കളെ പ്രതിചേർത്ത് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഐസി ബാലകൃഷ്ണൻ എംഎൽഎ ഒന്നാം പ്രതി.
വയനാട് ഡിസിസി മുൻ പ്രസിഡന്റ് എൻഡി അപ്പച്ചൻ കോൺഗ്രസ് നേതാവ് കെകെ ഗോപിനാഥൻ എന്നിവരും പ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പ്രത്യേകസംഘം കുറ്റപത്രം സമ്മർപ്പിച്ചത്. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ നിയമനകോഴയിൽ കുരുങ്ങി എൻഎം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണസംഘം തലവൻ ബത്തേരി ഡിവൈഎസ്പി കെകെ അബ്ദുൾ ഷെരീഫാണ് കുറ്റപത്രം സമർപ്പിച്ചത്. നൂറോളം സാക്ഷിമൊഴികളുണ്ട്. ബാങ്ക് ഇടപാട് രേഖകൾ, വിജയനുമായി നേതാക്കൾ നടത്തിയ ഫോൺ വിളികളുടെ വിശദാംശങ്ങൾ, ഓഡിയോ ക്ലിപ്പിങ്ങുകൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ, വിജയന്റെ ഡയറിയിലെ വിശദാംശങ്ങൾ എന്നിവയെല്ലാം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഒന്നര കോടിയോളം രൂപയുടെ ബാധ്യത വിജയന് ഉണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ അറ മൂന്ന് പ്രതികളും ജാമ്യത്തിലാണ്. അപ്പച്ചന്റെ ശബ്ദസാമ്പിൾ പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലബോറട്ടറിയിലാണ് പരിശോധന. ഫലം കോടതിക്ക് കൈമാറും. നിയമനക്കോഴയിലുണ്ടായ കടബാധ്യതയെതുടർന്ന് വിജയൻ ആത്മഹത്യയുടെ വക്കിലായിരുന്നെന്ന് പ്രതികൾ നേരത്തെ മനസ്സിലാക്കിയിരുന്നു. ബാലകൃഷ്ണനും എൻ ഡി അപ്പച്ചനുമുൾപ്പെടെയുള്ളവരാണ് മരണത്തിന് ഉത്തരവാദികൾ എന്നാണ് വിജയന്റെ ആത്മഹത്യാക്കുറിപ്പ്.
വിജയനെയും മകനെയും മരണത്തിലേക്ക് തള്ളിവിട്ടതാണെന്നാണ് അന്വേഷകസംഘത്തിന്റെ കണ്ടെത്തൽ. 2024 ഡിസംബർ 24നാണ് വിജയനും മകനും വിഷംകഴിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 27ന് മരിച്ചു. നിയമനക്കോഴയിലുള്ള വിജിലൻസ് കേസിലും ഐ സി ബാലകൃഷ്ണൻ ഒന്നാംപ്രതിയാണ്. പ്രാഥമിക അന്വേഷണത്തിനുശേഷം കഴിഞ്ഞദിവസമാണ് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.