ആരോപണങ്ങളുടെ ആവനാഴിയുമായി പ്രതിപക്ഷം, തടുക്കാന്‍ ഭരണപക്ഷം, നിയമസഭ ഇന്ന്...
ധനകാര്യ ബില്‍ പാസാക്കുക എന്ന മുഖ്യ അജണ്ടയുമായി ഒരു ദിവസത്തെ പ്രത്യേക നിയമസഭ സമ്മേളനം ഇന്ന്...
തിരുവനന്തപുരം: ധനകാര്യ ബില്‍ പാസാക്കുക എന്ന മുഖ്യ അജണ്ടയുമായി ഒരു ദിവസത്തെ പ്രത്യേക നിയമസഭ സമ്മേളനം ഇന്ന്...
രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ഇന്ന് നടക്കും. ഒപ്പം ധനകാര്യ ബില്‍ പാസാക്കുകയും ചെയ്യും. എന്നാല്‍, ഈ അജണ്ടകളില്‍ നിന്നും വ്യത്യസ്തമായി അവിശ്വാസ പ്രമേയമാകും സഭയെ പ്രക്ഷുബ്ദമാക്കുക.
ആരോപണങ്ങളുടെ നീണ്ട നിരയുമായി സര്‍ക്കാരിനെ ആക്രമിക്കാന്‍ പ്രതിപക്ഷമെത്തുമ്പോള്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പ്രതിരോധ കോട്ട തീര്‍ക്കാന്‍ ഭരണപക്ഷവും തയ്യാറാണ്.
സ്വര്‍ണ്ണക്കടത്ത് വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് വി ഡി സതീശന്‍ അവതരിപ്പിക്കും. പ്രമേയത്തിന്മേല്‍ അഞ്ച് മണിക്കൂറാണ് ചര്‍ച്ച. രാവിലെ പത്ത് മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് ചര്‍ച്ച നടക്കുക. പാര്‍ട്ടിയുടെ അംഗബലം അനുസരിച്ചായിരിക്കും സംസാരിക്കാന്‍ അവസരം നല്‍കുക.
സര്‍ക്കാരിനെ ആക്രമിക്കാനുള്ള ആയുധ ശേഖരവുമായാണ് പ്രതിപക്ഷമെത്തുക. സ്പ്രിംക്ലര്‍, ബെവ്ക്യു, മണല്‍ക്കടത്ത്, ഇ മൊബിലിറ്റി, സ്വര്‍ണക്കടത്ത്, ലൈഫ് പദ്ധതി, തിരുവനന്തപുരം വിമാനത്താവളം തുടങ്ങിയ വിവാദങ്ങളുടെ പരമ്പരയാണ് പ്രതിപക്ഷത്തിന് ആയുധമായുള്ളത്.
ഭൂരിപക്ഷമുള്ള സര്‍ക്കാരിന് പ്രതിപക്ഷത്തിന്‍റെ അവിശ്വാസത്തെ ഭയക്കേണ്ട ആവശ്യമില്ല. എന്നാല്‍ ആരോപണങ്ങള്‍ വിശദമായി ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുക എന്ന പ്രതിക്ഷത്തിന്‍റെ തന്ത്രത്തെ സര്‍ക്കാര്‍ എങ്ങിനെ പ്രതിരോധിക്കുന്നു എന്നതാണ് ഇന്ന് സഭയില്‍ നടക്കുക
കേരള നിയമസഭയുടെ പതിനാറാമത്തെ അവിശ്വാസ പ്രമേയമാണ് വി ഡി സതീശന്‍ അവതരിപ്പിക്കുന്നത്. 2005ലാണ് അവസാനമായി അവിശ്വാസ പ്രമേയം കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ചത്.
ബിജെപി അംഗം ഒ രാജഗോപാല്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കും. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുമെന്ന് പിസി ജോര്‍ജും പറഞ്ഞിരുന്നു. കേരളത്തിലേത് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട സര്‍ക്കാരാണെന്നായിരുന്നു പിസി ജോര്‍ജിന്റെ വാദം. തന്നിഷ്ടത്തോടെ മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ പെരുമാറുന്ന മുഖ്യമന്ത്രിയാണ്. മന്ത്രിസഭയും കൂട്ടുത്തവാദിത്തമില്ല. അതികൊണ്ടാണ് യുഡിഎഫിന്റെ അവിശ്വാസത്തെ പിന്തുണക്കുന്നതെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
Also read: അവിശ്വാസ പ്രമേയം;യുഡിഎഫ് നിലപാട് വ്യക്തമാക്കി;ഇനി തീരുമാനം ജോസ് കെ മാണിയുടേത്!
അതേസമയം, വിപ്പിനെച്ചൊല്ലിയുളള കേരള കോണ്‍ഗ്രസ് പി ജെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങളുടെ ബലാബല പരീക്ഷണങ്ങള്‍ക്കും ഇന്ന് സഭ വേദിയാകും. അവിശ്വാസ പ്രമേയത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് പക്ഷം എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.
പി.ജെ.ജോസഫ് എംഎല്‍എയുടെ റൂമിനു മുന്നിലും വിപ്പ് പതിപ്പിച്ചിട്ടുണ്ട്. നേരത്തെ ഈമെയില്‍ വഴിയും സ്‌പീഡ് പോസ്റ്റ് മുഖേനയും വിപ്പ് നല്‍കിയിട്ടുണ്ട്.
യുഡിഎഫ് തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ ജോസ് വിഭാഗത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കണ്‍വീനര്‍ ബെന്നി ബെഹന്നാനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു..