പ്രവാസികൾക്ക് ജോലിക്കും ലോണിനും പിശുക്ക് കാണിച്ചു; ലോക കേരള സഭയുടെ വെബ്‌സൈറ്റിന് ചിലവിട്ടത് 4,86,000 രൂപ!

മട്ടാഞ്ചേരി സ്വദേശിയായ വിവരാവകാശപ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി സമർപ്പിച്ച അപേക്ഷയിലാണ് നോർക്ക റൂട്ട്സ് ഇത് വ്യക്തമാക്കിയത്.  

Updated: Mar 8, 2019, 12:40 PM IST
പ്രവാസികൾക്ക് ജോലിക്കും ലോണിനും പിശുക്ക് കാണിച്ചു; ലോക കേരള സഭയുടെ വെബ്‌സൈറ്റിന് ചിലവിട്ടത് 4,86,000 രൂപ!

കൊച്ചി: പ്രവാസികൾക്ക് തൊഴിൽ നൽകുന്നതിലും ലോൺ അനുവദിക്കുന്നതിലും 'പിശുക്ക്' കാട്ടി പിണറായി വിജയൻ സർക്കാർ. അധികാരത്തിലെത്തിയിട്ട് മൂന്ന് വർഷം പിന്നിടുമ്പോൾ നോർക്കയുടെ ജോബ് പോർട്ടൽ വഴി അമ്പതിനായിരത്തിലധികം പേർ അപേക്ഷ സമർപ്പിച്ചെങ്കിലും ജോലി ലഭിച്ചത് 776 പേർക്ക് മാത്രം. 

ഈ കാലയളവിനുള്ളിൽ 30313 പ്രവാസികൾ ലോണിന് അപേക്ഷിച്ചെങ്കിലും ലഭിച്ചത് 1461 പേർക്ക് മാത്രം. പത്തു ശതമാനം പോലും നൽകാൻ കേരള സർക്കാരിന് കഴിഞ്ഞിട്ടില്ല എന്നത് പകൽ പോലെ വ്യക്തം.

മട്ടാഞ്ചേരി സ്വദേശിയായ വിവരാവകാശപ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി സമർപ്പിച്ച അപേക്ഷയിലാണ് നോർക്ക റൂട്ട്സ് ഇത് വ്യക്തമാക്കിയത്.   

നോർക്ക റൂട്ട്സിന്റെ ഡയറക്ടർ ബോർഡിൽ പ്രമുഖരായ നിരവധി വ്യവസായികൾ ഉണ്ടെങ്കിലും സാധാരണക്കാരായ പ്രവാസികൾക്ക് ജോലി ലഭിക്കാൻ കാര്യമായ ശ്രമങ്ങൾ സർക്കാരിന്റെയും നോർക്ക വകുപ്പിന്റെയും ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. മാത്രമല്ല നാടിന് കൈത്താങ്ങായ പ്രവാസികൾക്ക് അർഹമായ ലോൺ നൽകാത്തത് സർക്കാരിന്റെ വീഴ്ചയാണെന്നും ഗോവിന്ദൻ നമ്പൂതിരി ചൂണ്ടിക്കാട്ടി.   

പ്രവാസികളെ ആകർഷിക്കാൻ കേരള സർക്കാരിന്റെ സ്വപ്‌നപദ്ധതിയായി മുഖ്യമന്ത്രി പിണറായി വിജയൻ  അവതരിപ്പിച്ച ലോക കേരള സഭ ഒരു വർഷം പിന്നിടുമ്പോൾ പ്രവാസികൾക്കും സംസ്ഥാനത്തിനും കാര്യമായ നേട്ടങ്ങൾ ഒന്നും തന്നെയില്ല. അതേസമയം സാമ്പത്തിക ബാദ്ധ്യത ഏറെ വരുത്തിവെച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ചിലവ് ചുരുക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് ആവർത്തിച്ച് പറയുന്നതിനിടെയാണ് ലോക കേരള സഭയ്ക്ക് വേണ്ടി കോടികൾ ചിലവിടുന്നത്. 

സംസ്ഥാനം കടക്കെണിയിൽ പെട്ടിരിക്കുന്ന സമയത്ത്, ലോക കേരള സഭയുടെ വെബ്‌സൈറ്റ് നിർമ്മിക്കാൻ മാത്രം നോർക്ക റൂട്ട്സ് സ്വകാര്യ കമ്പനിയ്ക്ക് നൽകിയത് 4,86,000 രൂപ.

കഴിഞ്ഞ വർഷം ജനുവരിയിൽ തിരുവനന്തപുരത്ത് നടന്ന ആദ്യ സമ്മേളനത്തിന് ശേഷം പത്തു മീറ്റിങ്ങുകൾ നടന്നു. നാലു നിർദേശങ്ങൾ നടപ്പിലാക്കാൻ തീരുമാനമായെങ്കിലും ഒന്നും തന്നെ മുന്നോട്ടു പോയിട്ടില്ല. ശ്രദ്ധേയമായ മറ്റൊരു കാര്യം എയർ കേരളയുടെ തൽസ്ഥിതിയെ പറ്റി വകുപ്പിന് യാതൊരു അറിവുമില്ല എന്നതാണ്.