NPR: ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് റദ്ദാക്കി

NPRന്‍റെ പ്രാരംഭ പ്രവര്‍ത്തനത്തിന് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് അയച്ച കത്ത് താമരശേരി തഹസില്‍ദാര്‍ റദ്ദാക്കി. 

Sheeba George | Updated: Jan 16, 2020, 08:15 PM IST
NPR:  ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് റദ്ദാക്കി

താമരശേരി: NPRന്‍റെ പ്രാരംഭ പ്രവര്‍ത്തനത്തിന് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് അയച്ച കത്ത് താമരശേരി തഹസില്‍ദാര്‍ റദ്ദാക്കി. 

നിലവിലുള്ള കത്ത് മരവിപ്പിക്കാന്‍ ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. NPR അറിയാതെ കയറിക്കൂടിയതാണ്. സെന്‍സസ് എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും തഹസില്‍ദാര്‍ വിശദീകരണം നല്‍കി. 

ജനുവരി 13ന് താമരശ്ശേരി തഹസില്‍ദാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഏപ്രില്‍ 15ന് ആരംഭിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന് വേണ്ടി അദ്ധ്യാപകരുടെ പേര് നിര്‍ദേശിക്കാന്‍ സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. 

സൂപ്പര്‍ വൈസര്‍മാരെയും, എന്യുമറേറ്റര്‍മാരെയും നിയമിക്കാനുള്ള അദ്ധ്യാപകരുടെ പേര് നല്‍കാനായിരുന്നു ഉത്തരവ്. ഏപ്രില്‍ 15 മുതല്‍ മെയ് 29 വരെയാണ് എന്‍പിആര്‍ പരിഷ്‌ക്കരണത്തിന്‍റെ ഭാഗമായുള്ള സെന്‍സസ് നടക്കുകയെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.  

ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിക്രമങ്ങളുമായി മുന്നോട്ട് പോയതെന്നായിരുന്നു തഹസില്‍ദാര്‍ അറിയിച്ചിരുന്നത്. എന്നാല്‍, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ വാര്‍ത്താ സമ്മേളനം നടത്തി കത്ത് പുറത്ത് വിട്ടതോടെ വന്‍ വിവാദത്തിന് വഴിതെളിക്കുകയായിരുന്നു.