വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് യുഡിഎഫിനൊപ്പം...

ബിജെപി പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന വട്ടിയൂര്‍ക്കാവില്‍ നിര്‍ണ്ണായക തീരുമാനവുമായി എന്‍എസ്എസ്. മണ്ഡലത്തില്‍ എൻഎസ്എസിന്‍റെ വോട്ട് യുഡിഎഫിനായിരിക്കു൦. 

Sheeba George | Updated: Oct 15, 2019, 04:15 PM IST
വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് യുഡിഎഫിനൊപ്പം...

തിരുവനന്തപുരം: ബിജെപി പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന വട്ടിയൂര്‍ക്കാവില്‍ നിര്‍ണ്ണായക തീരുമാനവുമായി എന്‍എസ്എസ്. മണ്ഡലത്തില്‍ എൻഎസ്എസിന്‍റെ വോട്ട് യുഡിഎഫിനായിരിക്കു൦. 

എൻഎസ്എസിന്‍റെ ശരിദൂര പ്രഖ്യാപനമെന്നാല്‍ യുഡിഎഫ് അനുകൂല നിലപാടാണെന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും തിരുവനന്തപുരം താലൂക്ക് യൂണിയന്‍ അദ്ധ്യക്ഷനുമായ സംഗീത് കുമാര്‍ വ്യക്തമാക്കി. 

വട്ടിയൂര്‍ക്കാവിലെ 38 കരയോഗങ്ങളിലെ സമ്മേളനങ്ങളിലും യുഡിഎഫിന് അനുകൂലമായ നിലപാടെടുക്കാന്‍ താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സമദൂരത്തില്‍ നിന്ന് മാറി ശരിദൂരത്തിലെത്തിയിരിക്കുകയാണ്. ആ തീരുമാനം നമ്മള്‍ താഴേത്തട്ടില്‍ നടപ്പാക്കുന്നു അത്രേയുള്ളൂ, അദ്ദേഹം വ്യക്തമാക്കി.

എൻഎസ്എസിന്‍റെ തീരുമാനമനുസരിച്ച് താലൂക്ക് യൂണിയന്‍ അദ്ധ്യക്ഷന്‍ സംഗീത് കുമാര്‍ യുഡിഎഫിനായി പരസ്യപ്രചാരണത്തിനിറങ്ങി. കൂടാതെ, പൊതു യോഗം വിളിക്കാന്‍ കരയോഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് സമുദായാംഗങ്ങളെ അറിയിക്കാനാണ് യോഗം വിളിക്കുന്നത്‌. 

അതേസമയം, വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് മൂന്നു മുന്നണികൾക്കും അഭിമാന പോരാട്ടമാണ്. ഇതിന് മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തെത്താൻ ബിജെപിക്ക് സാധിച്ചിരുന്നു. അതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ബിജെപി സ്ഥാനാര്‍ഥി എസ്. സുരേഷ് ജനങ്ങളെ സമീപിക്കുന്നത്. 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 168 ബൂത്തുകളില്‍ 85-ല്‍ യുഡിഎഫും 79ല്‍ ബിജെപിയും മുന്നിലെത്തിയപ്പോള്‍ നാലിടത്തുമാത്രമാണ് എല്‍ഡിഎഫിന് ലീഡ് നേടാനായത്.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും രണ്ടാമതെത്താനായതിതും വോട്ടുവിഹിതം വര്‍ധിപ്പിക്കാനായതും ബിജെപിയ്ക്ക് ആത്മവിശ്വാസ൦ നല്‍കുന്നുണ്ട്. കൂടാതെ, വട്ടിയൂര്‍ക്കാവ് ഹിന്ദുഭൂരിപക്ഷ വോട്ടര്‍മാരുള്ള മണ്ഡലമെന്നതും ബിജെപിയ്ക്ക് അനുകൂലഘടകമാണ്. മണ്ഡലത്തിലുള്‍പ്പെടുന്ന പ്രദേശത്തെ ഒമ്പത് കൗണ്‍സിലര്‍മാരുടെ പ്രവര്‍ത്തനവും സാന്നിധ്യവും ബിജെപിക്ക് വിജയപ്രതീക്ഷ നല്‍കുന്നുണ്ട്. 

മുന്‍ എംഎല്‍എയും മനുഷ്യാവകാശ കമ്മീശനംഗവുമായിരുന്ന കെ. മോഹന്‍കുമാറിനെയാണ് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. മണ്ഡലത്തില്‍ കൃത്യമായ സംഘടനാസംവിധാനം യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. 

എന്നാല്‍ ഒപ്പത്തിനൊപ്പം എൽഡിഎഫ് സ്ഥാനാര്‍ഥിയുമുണ്ട്. ജനപ്രിയനും തലസ്ഥാനനഗരത്തിലെ മേയറും യുവാവുമായ സ്ഥാനാര്‍ഥിയണെന്നതാണ് എൽഡിഎഫിന്‍റെ പ്ലസ് പോയിന്‍റ്. കൂടാതെ, പാലാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ ചരിത്ര വിജയത്തിന്‍റെ ആത്മവിശ്വാസവും എൽഡിഎഫിന് പ്രതീക്ഷയ്ക്ക് വകനല്‍കുന്നവയാണ്.