കന്യാസ്ത്രീയെ വേശ്യ എന്ന് അധിക്ഷേപിച്ച സംഭവം; പി. സി ജോര്‍ജ്ജ് മാപ്പ് പറഞ്ഞു

വൈകാരികമായാണ് അത്തരത്തില്‍ ഒരു പ്രയോഗം നടത്തിയതെന്നും ഒരു സ്ത്രീയ്ക്കെതിരേയും അത്തരമൊരു പ്രയോഗം നടത്തരുതായിരുന്നുവെന്നും ജോര്‍ജ്ജ് വ്യക്തമാക്കി. 

Updated: Sep 12, 2018, 02:02 PM IST
കന്യാസ്ത്രീയെ വേശ്യ എന്ന് അധിക്ഷേപിച്ച സംഭവം; പി. സി ജോര്‍ജ്ജ് മാപ്പ് പറഞ്ഞു

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി. സി ജോര്‍ജ്ജ് എംഎല്‍എ മാപ്പ് പറഞ്ഞു.

വൈകാരികമായാണ് അത്തരത്തില്‍ ഒരു പ്രയോഗം നടത്തിയതെന്നും ഒരു സ്ത്രീയ്ക്കെതിരേയും അത്തരമൊരു പ്രയോഗം നടത്തരുതായിരുന്നുവെന്നും ജോര്‍ജ്ജ് വ്യക്തമാക്കി. ആ വാക്ക് ഉണ്ടാക്കുന്ന വേദന തിരിച്ചറിയുന്നുവെന്നും പി. സി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

'കോട്ടയം പ്രസ് ക്ലബിലെ വാര്‍ത്താസമ്മേളനത്തില്‍ താന്‍ കന്യാസ്ത്രീയ്ക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റായി പോയി. അതില്‍ മാപ്പു പറയുകയാണ്. വേശ്യ എന്ന പദപ്രയോഗം നടത്താന്‍ പാടില്ലായിരുന്നു. എന്നാല്‍, ഈ പദപ്രയോഗം ഒഴിച്ച്‌ താന്‍ പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചു നില്‍ക്കുകയാണ്'- പി. സി ജോര്‍ജ്ജ് പറഞ്ഞു.

അതേസമയം പണം വാങ്ങിയെന്ന കന്യാസ്ത്രീയുടെ സഹോദരന്‍റെ ആരോപണത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ട്‌ പോകുമെന്ന് പി. സി ജോര്‍ജ്ജ് വ്യക്തമാക്കി.

എന്നാല്‍ പി. സി ജോര്‍ജ്ജിനെതിരെ നിയമനടപടികള്‍ തുടരുമെന്ന് കന്യാസ്ത്രീയുടെ സഹോദരനും സൂചിപ്പിച്ചു. തെളിവുണ്ടെങ്കില്‍ പി. സി ജോര്‍ജ്ജ് പൊലീസിന് കൈമാറട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.