ജലന്ധര്‍ ബിഷപ്പിന് സിആര്‍പിസി 41 A വകുപ്പ് പ്രകാരം നോട്ടീസ്; 19ന് ഹാജരാകണം

ബിഷപ്പിന്‍റെ മൊഴി തൃപ്തികരമല്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന വകുപ്പാണ് സിആര്‍പിസി 41 A. 

Updated: Sep 12, 2018, 05:49 PM IST
ജലന്ധര്‍ ബിഷപ്പിന് സിആര്‍പിസി 41 A വകുപ്പ് പ്രകാരം നോട്ടീസ്; 19ന് ഹാജരാകണം

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അടുത്ത ബുധനാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം.

ഇത് സംബന്ധിച്ച് സിആര്‍പിസി 41 A വകുപ്പ് പ്രകാരം ബിഷപ്പിന് നോട്ടീസ് അയച്ചു. ബിഷപ്പിന്‍റെ മൊഴി തൃപ്തികരമല്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന വകുപ്പാണ് സിആര്‍പിസി 41 A. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാകും ബിഷപ്പിനെ ചോദ്യം ചെയ്യുക. 

മൊഴികളില്‍ വ്യക്തത വന്നതിനുശേഷമേ ബിഷപ്പിനെതിരെ ശക്തമായ കുറ്റപത്രം നല്‍കാന്‍ കഴിയൂവെന്നും അന്വേഷണം നീണ്ടത് മൊഴിയിലെ വൈരുദ്ധ്യം പ്രതിക്ക് അനുകൂലമാകാതിരിക്കാന്‍ വേണ്ടിയാണെന്നും ഐജി വിജയ്‌ സാക്കറെ വ്യക്തമാക്കി.

 

 

എന്നാല്‍ ബിഷപ്പിന്റേയും കന്യാസ്ത്രീകളുടേയും സാക്ഷികളുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് ഇതുവരെയുള്ള അന്വേഷണം വിശകലനം ചെയ്തുകൊണ്ട് ഐജി വിജയ്‌ സാക്കറെ സൂചിപ്പിച്ചു.

കേസില്‍ അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ വിശദമാക്കി കോടതിയില്‍ നാളെ റിപ്പോര്‍ട്ട്‌ നല്‍കും. കുറേക്കാലം മുന്‍പ് നടന്ന സംഭവമായതിനാല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോഴികളിലെ വൈരുദ്ധ്യം പരിശോധിച്ച ശേഷമേ കേസില്‍ തുടര്‍നടപടി കൈക്കൊള്ളുവെന്നും വിജയ്‌ സാക്കറെ പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ അറസ്റ്റ് ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.