close

News WrapGet Handpicked Stories from our editors directly to your mailbox

രാഹുല്‍ ജനിക്കുമ്പോള്‍ രാജമ്മയുടെ പ്രായം 13?

തന്‍റെ വിജയത്തിന് കാരണക്കാരായ ജനങ്ങളോട് നന്ദി പറയാന്‍ വയനാട്ടിലെത്തിയപ്പോഴാണ് രാജമ്മയെ കാണാന്‍ രാഹുല്‍ സമയം നീക്കി വച്ചത്.

Updated: Jun 12, 2019, 12:11 PM IST
രാഹുല്‍ ജനിക്കുമ്പോള്‍ രാജമ്മയുടെ പ്രായം 13?

കൽപറ്റ: ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയില്‍ ജനിച്ചു വീണ രാഹുല്‍ ഗാന്ധിയെ കോരിയെടുത്ത നഴ്സ് രാജമ്മയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം.

വയനാട്ടിലെ പര്യടനത്തിന്‍റെ അവസാന ദിവസ൦ രാഹുല്‍ഗാന്ധി രാജമ്മയെ നേരില്‍ കണ്ടതും ചേര്‍ത്ത് പിടിച്ചതുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. 

തന്‍റെ വിജയത്തിന് കാരണക്കാരായ ജനങ്ങളോട് നന്ദി പറയാന്‍ വയനാട്ടിലെത്തിയപ്പോഴാണ് രാജമ്മയെ കാണാന്‍ രാഹുല്‍ സമയം നീക്കി വച്ചത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ, കല്‍പറ്റ ഗസ്റ്റ് ഹൗസില്‍ വച്ചാണ് രാഹുല്‍ ഗാന്ധിയും രാജമ്മയും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. 

എന്നാൽ, ഈ വിവരങ്ങള്‍ വ്യാജമാണെന്നും രാജമ്മയും രാഹുലും തമ്മില്‍ 13 വയസിന്‍റെ വ്യത്യാസം മാത്രമാണുള്ളതെന്നും വാര്‍ത്തകള്‍ വന്നു.

62കാരിയായ രാജമ്മയ്ക്കും 49കാരനായ രാഹുലിനും തമ്മില്‍ 13 വയസാണ് വ്യത്യാസമെന്നും പതിമൂന്നാമത്തെ വയസില്‍ രാജമ്മയെങ്ങനെ നഴ്സായെന്നുമായിരുന്നു ട്വിറ്ററിലൂടെ ഉയര്‍ന്ന ചോദ്യം. 

എന്നാല്‍, 1970 മാർച്ച് മുതൽ സെപ്റ്റംബർ വരെ കോഴ്സ് ട്രയിനിംഗിന്‍റെ ഭാഗമായി ആശുപത്രിയിൽ പ്രവര്‍ത്തിച്ചതിന്‍റെ സർട്ടിഫിക്കറ്റ് രാജമ്മയുടെ കൈവശമുണ്ട്.

രാഹുൽ ജനിക്കുന്ന സമയത്ത് നഴ്സ് ആയിരുന്ന രാജമ്മയുടെ പ്രായം 23 വയസായിരുന്നു, ഇന്ന് 72 വയസ്. സോണിയ ഗാന്ധിയെ ലേബർ റൂമിലേക്ക് കൊണ്ടു പോയപ്പോൾ രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും പുറത്ത് കാത്തു നിന്നതും രാജമ്മയ്ക്ക് നല്ല ഓർമ്മയുണ്ട്.

1970 ജൂൺ 19ന് തന്‍റെ കൈകളിലേക്ക് ജനിച്ച് വീണ കുഞ്ഞിനെ 49 വര്‍ഷങ്ങള്‍ക്ക് ശേഷ൦, 2019 ജൂണ്‍ 10നാണ് രാജമ്മ വീണ്ടും കാണുന്നത്. 

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്ന ശേഷമാണ് ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയിലെ നഴ്സ് രാജമ്മ വാര്‍ത്തകളില്‍ നിറഞ്ഞത്.

ഹോളി ഫാമിലി ആശുപത്രിയില്‍ ജോലി ചെയ്യവെയാണ് വയനാട് സ്വദേശിയും മിലിറ്ററി ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനുമായ രാജപ്പനുമായി രാജമ്മയുടെ വിവാഹം കഴിഞ്ഞത്.

വിവാഹ൦ കഴിഞ്ഞു മിലിട്ടറി ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചിരുന്ന രാജമ്മ വിരമിച്ച ശേഷം  വയനാട്ടില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.