കൊച്ചി: ഭൂട്ടാനിൽ നിന്നുള്ള ആഡംബര കാറുകളുടെ അനധികൃത കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് നടത്തിവരുന്ന 'ഓപ്പറേഷൻ നുംഖോർ' അന്വേഷണത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി കസ്റ്റംസും പശ്ചിമ ബംഗാൾ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ പശ്ചിമ ബംഗാൾ ജൽപായ്ഗുഡി സ്വദേശിയായ ബിശ്വദീപ് ദാസിനെയാണ് പിടികൂടിയത്.
ഒരു പ്രമുഖ ഐടി കമ്പനിയിൽ സീനിയർ എൻജിനീയറായ ഇയാൾ ഈ വാഹനക്കടത്ത് ശൃംഖലയിലെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഫെബ്രുവരി അവസാന വാരം അറസ്റ്റിലായ ഇയാളെ നിലവിൽ കൊച്ചിയിലേക്ക് മാറ്റിയിട്ടുണ്ട്. ബിശ്വദീപ് ദാസിനെ കൂടാതെ അസം സ്വദേശികളായ നാലുപേർ കൂടി അന്വേഷണ സംഘത്തിന്റെ പിടിയിലായിട്ടുണ്ട്.
ദീപക് പട്ടോവാരി, അയൂബ് അലി, മുസ്തഫ അഹമ്മദ്, ജലാൽ മണ്ഡാൽ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഷില്ലോങ് കസ്റ്റംസിന്റെ സഹായത്തോടെയാണ് കൊച്ചിയിൽ നിന്നുള്ള സംഘം ഇവരെ പിടികൂടിയത്. ഇതിൽ ദീപക് പട്ടോവാരി അസമിൽ ഡിസ്ട്രിക് ട്രാൻസ്‌പോർട്ട് ഓഫീസറായി ജോലി ചെയ്യുന്ന വ്യക്തിയാണെന്നത് ഗൗരവകരമാണ്.
ALSO READ: കോഴിക്കോട് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടം; മൂന്ന് പേർ കൊല്ലപ്പെട്ടു
വ്യാജ രേഖകൾ ചമച്ച് ഏകദേശം 460 വാഹനങ്ങൾ ഇവർ രജിസ്റ്റർ ചെയ്തതായി അസം പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ നിലവിൽ കസ്റ്റംസ്, സെൻട്രൽ ജിഎസ്ടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്. രാജ്യവ്യാപകമായി നടക്കുന്ന ഈ തട്ടിപ്പിന്റെ വ്യാപ്തി സിഎജി റിപ്പോർട്ടിലൂടെയും വ്യക്തമാകുന്നുണ്ട്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒരേ ചേസിസ്, എൻജിൻ നമ്പറുകൾ ഉപയോഗിച്ച് മാത്രം 15,849 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇറക്കുമതി തീരുവ വെട്ടിച്ച് ഭൂട്ടാൻ വഴി കടത്തിയ വിദേശ വാഹനങ്ങളും, നികുതി വെട്ടിപ്പിനായി വ്യാജ രേഖകൾ ഉണ്ടാക്കിയ ഇന്ത്യൻ നിർമ്മിത വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു. കാറുകൾക്ക് പുറമെ ലോറികളും ഇത്തരത്തിൽ കടത്തുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് സിനിമാ താരങ്ങളുടേതടക്കം 36 വാഹനങ്ങൾ പിടിച്ചെടുത്തതോടെയാണ് ഓപ്പറേഷൻ നുംഖോർ വാർത്തകളിൽ നിറഞ്ഞത്. ഭൂട്ടാനിൽ നിന്ന് ഇത്തരത്തിൽ ഇരുന്നൂറോളം വാഹനങ്ങൾ കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് നിഗമനം. പിടിച്ചെടുത്തവയിൽ ഭൂരിഭാഗം വാഹനങ്ങളുടെയും രേഖകൾ കൃത്രിമമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









