)
കൊച്ചി: നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ആഢംബര കാറുകൾ ഇന്ത്യയിൽ എത്തിച്ച് തട്ടിപ്പ് നടത്തിയതിൽ സംസ്ഥാന വ്യാപകമായി കസ്റ്റംസ് പരിശോധന തുടരുകയാണ്. അന്വേഷണവുമായി നടൻ അമിത് ചക്കാലക്കൽ സഹകരിക്കുന്നില്ലെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സമൻസ് കൈപ്പറ്റാൻ നടൻ വിസമ്മതിച്ചെന്നും ഇതേ തുടർന്ന് കസ്റ്റംസ് പോലീസിനെ വിളിച്ചുവരുത്തിയെന്നുമാണ് വിവരം.
ഇന്ത്യൻ എംബസി, യുഎസ് കോൺസുലേറ്റ് എന്നിവയുടെ പേരിൽ വ്യാജമായി മുൻപ് രജിസ്റ്റർ ചെയ്ത വാഹനങ്ങളാണ് അമിത് ചക്കാലക്കിലിന്റെ വീട്ടിൽ ഉണ്ടായിരുന്നത്. നടന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന തുടരുകയാണ്. അമിത് ചക്കാലക്കലിന്റെ അഭിഭാഷകരും നടന്റെ വീട്ടിലെത്തി. അഞ്ച് വർഷം മുൻപെടുത്ത 99 മോഡൽ 105 ലാൻഡ് ക്രൂയിസറാണ് അമിത് ചക്കാലക്കലിന് ഉള്ളത്.
ഡൽഹി രജിസ്ട്രേഷനിൽ ഉള്ള വണ്ടി മധ്യപ്രദേശ് രജിസ്ട്രേഷൻ ആക്കിയാണ് വാങ്ങിയത്. ഇതിന്റെ പശ്ചാത്തലം അന്വേഷിക്കും. ലാൻഡ് ക്രൂയിസർ പരിശോധനയുടെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്തു. സിനിമാ താരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ് എന്നിവരുടെ വീടുകളിലും കസ്റ്റംസ് റെയ്ഡ് നടത്തി.
ദുൽഖർ സൽമാന്റെ നിസാൻ കാർ, പൃഥ്വിരാജിന്റെ ലാൻഡ് റോവർ ഡിഫൻഡർ അടക്കമുള്ള കാറുകൾ അന്വേഷണ പരിധിയിലാണ്. ദുൽഖറിന്റെ പുതിയ വീട്ടിലും പഴയ കാറുകൾ സൂക്ഷിച്ചിട്ടുള്ള ഗ്യാരേജ് ഉള്ള പഴയ വീട്ടിലും പരിശോധന നടത്തുകയാണ്. അന്വേഷണ പരിധിയിലുള്ള പൃഥ്വിരാജിന്റെ വാഹനം തിരുവനന്തപുരത്തെ വീട്ടിലും കൊച്ചിയിലെ ഫ്ലാറ്റിലും ഇല്ല. വാഹനം എവിടെയാണെന്ന് വ്യക്തമല്ല.
മലപ്പുറത്ത് നിന്ന് പിടിച്ചെടുത്ത വാഹനം കരിപ്പൂരിലെ കസ്റ്റംസിന്റെ യാർഡിലേക്ക് മാറ്റിയിട്ടുണ്ട്. കേരള രജിസ്ട്രേഷനിൽ ഉള്ള എസ് യു വി ആണ് യാർഡിലേക്ക് മാറ്റിയത്. കസ്റ്റംസ് റെയ്ഡിൽ തന്റെ മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാൻഡ് ക്രൂയിസർ മാത്രമാണ് പിടിച്ചതെന്ന് അമിത് ചക്കാലക്കൽ പറഞ്ഞു.
മറ്റ് അഞ്ച് വാഹനങ്ങൾ തന്റെ ഗ്യാരേജിൽ പണിക്കായി കൊണ്ടുവന്നതാണെന്നും അക്കാര്യം കസ്റ്റംസ് സ്ഥിരീകരിച്ചുവെന്നും അമിത് ചക്കാലക്കൽ പറഞ്ഞു. നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയ ആഡംബര വാഹനങ്ങൾ തേടി ഇന്നലെയാണ് നടൻ ദുൽഖർ സൽമാൻ, പൃഥ്വിരാജ് ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ കസ്റ്റംസ് റെയ്ഡ് നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.