വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി ആക്റ്റിവിസ്റ്റുകളെ ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നു: ചെന്നിത്തല

വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി ആക്റ്റിവിസ്റ്റുകളെ പൊലീസ് ജാക്കറ്റും ഹെല്‍മറ്റും ധരിപ്പിച്ച്‌ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ നടപടി സ്വീകരിച്ച ഐജി ശ്രീജിത്തിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Last Updated : Oct 19, 2018, 02:54 PM IST
വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി ആക്റ്റിവിസ്റ്റുകളെ ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നു: ചെന്നിത്തല

പത്തനംതിട്ട: വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി ആക്റ്റിവിസ്റ്റുകളെ പൊലീസ് ജാക്കറ്റും ഹെല്‍മറ്റും ധരിപ്പിച്ച്‌ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ നടപടി സ്വീകരിച്ച ഐജി ശ്രീജിത്തിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേരള പൊലീസ് ആക്ടിന്‍റെ 43(4)ാം വകുപ്പ് ലംഘിച്ചിരിക്കുകയാണ് ഐജി ശ്രീജിത്ത്. ഇത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. 25 മീറ്റര്‍ കാഴ്ച പരിധിയില്‍, ഒരാള്‍ പൊലീസ് വേഷം ധരിച്ചതായി ബോധ്യപ്പെട്ടാല്‍ അയാള്‍ക്കെതിരെ കേസെടുക്കണമെന്നാണ് പൊലീസ് ചട്ടം. ഇതൊന്നും അറിയാത്ത ആളാണോ ഐജി ശ്രീജിത്തെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. അതോ എല്ലാവര്‍ക്കും പൊലീസ് വേഷം ധരിക്കാമോ എന്ന് ഡിജിപി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കേരള പൊലീസ് ആക്ടിന്‍റെ ലംഘനം നടന്നാല്‍ ആറുമാസം തടവ്, അല്ലെങ്കില്‍ 2000 രൂപ പിഴ, അതുമല്ലെങ്കില്‍ രണ്ടും കൂടി ശിക്ഷ വിധിക്കാമെന്നാണ് നിയമം. ആക്‌ട് ലംഘിച്ച ഐജിക്കെതിരെ നിയമാനുസൃതം നടപടി എടുക്കണം. കമാന്‍ഡോ ഓപ്പറേഷനിലൂടെ സ്ത്രീകളെ ശബരിമലയില്‍ എത്തിക്കണമെന്നാണോ സുപ്രിംകോടതി വിധിച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഭക്തരോട് വാശി തീര്‍ക്കുന്ന പോലെയാണ് പൊലീസ് പെരുമാറിയത്.

അതേസമയം, മുഖ്യമന്ത്രിയുടെ വിദേശയാത്രയേയും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരളം സ്‌ഫോടനാത്മകമായ സാഹചര്യം നേരിടുമ്പോള്‍ മുഖ്യമന്ത്രി വിദേശത്ത് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സഹായം തേടി യാത്രയിലാണ്. സഹായം തേടുന്നതിന് തങ്ങള്‍ എതിരല്ല, പ്രതിപക്ഷം ഇതിനെ എതിര്‍ത്ത് പറഞ്ഞിട്ടുമില്ല. എന്നാല്‍ കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി വിദേശത്ത് പോകരുതായിരുന്നു. അഥവാ വിവരം അറിഞ്ഞപ്പോള്‍ തിരികെ വരണമായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.

സന്നിധാനത്തെത്തിയ യുവതികളെപ്പറ്റിയും ചെന്നിത്തല പ്രതികരിച്ചു. ഇവര്‍ വിശ്വാസികളാണോ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.   ചുംബന സമരത്തില്‍ പങ്കെടുത്തവരാണ് ശബരിമലയില്‍ എത്തിയത്. ഇവരൊക്കെ എന്തിനാണ് അവിടെ പോയത്. ഇവരൊക്കെ ആക്ടിവിസ്റ്റുകളാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടി കുടില തന്ത്രം പ്രയോഗിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തെ അന്തരീക്ഷത്തെ കൂടുതല്‍ കലുഷിതമാക്കിയതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ശബരിമലയില്‍ സ്ഥിതിഗതികള്‍ ആളിക്കത്തിക്കാന്‍ സര്‍ക്കാരും ബിജെപിയും ശ്രമിക്കുകയാണ്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനാണ് ബിജെപിയും ആര്‍എസ്‌എസും ശ്രമിക്കുന്നത്. അതേസമയം പ്രശ്‌നങ്ങള്‍ തണുപ്പിക്കുന്നതിന് പകരം, പ്രകോപനം സൃഷ്ടിക്കാനുള്ള അവസരം ഒരുക്കുകയാണ് സര്‍ക്കര്‍ ചെയ്യുന്നതെന്ന് ചെന്നിത്തല പറഞ്ഞു. വിവേക ശൂന്യമായ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നാല്‍ എന്തെല്ലാം സംഭവിക്കാം എന്നതിന് തെളിവാണ് ശബരിമലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, മുന്‍ സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം പിന്‍വലിച്ച്, നൂറ്റാണ്ടുകളായി നിലനിന്ന ആചാരങ്ങളെ എതിര്‍ത്ത് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച സര്‍ക്കാര്‍ കോടതി വിധി ചോദിച്ചു വാങ്ങിയതാണ്. വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാട് മനസിലാക്കാം. എന്നാല്‍ ദേവസ്വം ബോര്‍ഡിനെ റിവ്യൂ ഹര്‍ജി കൊടുക്കുന്നതില്‍ നിന്നും മുഖ്യമന്ത്രി വിരട്ടി നിര്‍ത്തിയത് എന്തിനെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇത്രമാത്രം ഉത്സാഹം കാണിക്കുന്നതെന്തിനെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. വിധി നടപ്പാക്കുന്ന വിഷയത്തില്‍ ബന്ധപ്പെട്ടവരുമായി സര്‍ക്കാര്‍ കൂടിയാലോചനകള്‍ നടത്തിയില്ല. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ശബരിമല വിഷയത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണ്. കൂടാതെ ശബരിമലയില്‍ പൊലീസും ഇന്‍റലിജന്‍സ് സംവിധാനവും പൂര്‍ണ പരാജയമായെന്നും ചെന്നിത്തല ആരോപിച്ചു.

 

Trending News