ഇ.പി. ജയരാജന്‍റെ സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം

ഇ.പി ജയരാജന്‍റെ നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് രമേശ്‌ ചെന്നിത്തല. ഇ.പി ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതിലെ ധാര്‍മ്മികത എന്താണെന്നാണ് ഇക്കാര്യത്തില്‍ പ്രതിപക്ഷനേതാവിന്‍റെ പ്രധാന ചോദ്യം. 

Last Updated : Aug 13, 2018, 03:07 PM IST
ഇ.പി. ജയരാജന്‍റെ സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ഇ.പി ജയരാജന്‍റെ നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് രമേശ്‌ ചെന്നിത്തല. ഇ.പി ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതിലെ ധാര്‍മ്മികത എന്താണെന്നാണ് ഇക്കാര്യത്തില്‍ പ്രതിപക്ഷനേതാവിന്‍റെ പ്രധാന ചോദ്യം. 

ബന്ധുനിയമന വിവാദത്തിൽ കുടുങ്ങി മന്ത്രിസ്ഥാനം നഷ്ടമായ ഇ.പി ജയരാജന്‍ വീണ്ടും തിരിച്ചെത്തുകയാണ്. മഴക്കെടുതിയില്‍ സംസ്ഥാനം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ യാതൊരു ആഘോഷങ്ങളും ഇല്ലാതെയാകും ജയരാജന്‍റെ സത്യപ്രതിജ്ഞ.

നാളെ രാവിലെ 10 മണിക്കാണ് ഇ.പി.ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും ജയരാജന്‍ സംബന്ധിക്കും. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവെച്ച ജയരാജന്‍ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മന്ത്രിപദത്തില്‍ തിരികെ എത്തുന്നത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകള്‍ തന്നെയാണ് ജയരാജന് ലഭിക്കുക. തിരിച്ചെത്തുന്ന ജയരാജന്‍ മന്ത്രിസഭയിലെ രണ്ടാമനാകും.

2016 ഒക്ടോബർ 14നാണ് വിവാദത്തെ തുടർന്ന് ഇ.പി. ജയരാജൻ മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുന്നത്. മന്ത്രിയായി 142-ാം ദിവസമായിരുന്നു ജയരാജന്‍റെ രാജി. കഴിഞ്ഞ സെപ്തംബർ 26ന് ജയരാജനുൾപ്പെട്ട ബന്ധുനിയമനക്കേസ് നിലനിൽക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ആർക്കും സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഇല്ലാത്ത സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

സിപിഐയുടെ എതിർപ്പു കുറഞ്ഞ സാഹചര്യത്തിലാണ് ഇ.പിക്ക് വീണ്ടും മന്ത്രി പദത്തിന് വഴിയൊരുങ്ങിയത്.

 

 

Trending News