ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം: ഒരു വൈദികന്‍ കീഴടങ്ങി

അന്വേഷണചുമതലയുള്ള ഡിവൈഎസ്പി ജോസി കെ ചെറിയാന് മുൻപിലാണ് വൈദികൻ കീഴടങ്ങിയത്.

Updated: Jul 12, 2018, 12:10 PM IST
ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം:  ഒരു വൈദികന്‍ കീഴടങ്ങി

തിരുവല്ല: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടർന്ന് രണ്ടാം പ്രതിയായ ഫാദർ ജോബ് മാത്യു അന്വേഷണസംഘത്തിന് മുൻപാകെ കീഴടങ്ങി.

അന്വേഷണചുമതലയുള്ള ഡിവൈഎസ്പി ജോസി കെ ചെറിയാന് മുൻപിലാണ് വൈദികൻ കീഴടങ്ങിയത്. ഇയാൾക്ക് മുൻപാണ് പീഡനത്തിനിരയായ യുവതി ആദ്യം കുമ്പസരിച്ചത്. ഈ കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് ജോബ് മാത്യു യുവതിയെ പീഡിപ്പിക്കുകയും മറ്റുള്ളവർക്കും പീഡിപ്പിക്കാൻ അവസരമൊരുക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നത്. 

അതേസമയം ഇപ്പോൾ ഡല്‍ഹിയിലുള്ള കേസിലെ മൂന്നാം പ്രതിയായ അഭിഭാഷകൻ ഒഴിച്ച് മറ്റു മൂന്ന് പേരും അന്വേഷണസംഘത്തിന് മുൻപിലോ തിരുവല്ലയിലെ കോടതിയിലോ കോട്ടയത്തെ കോടതിയിലോ കീഴടങ്ങും എന്നാണ് പുറത്തു വരുന്ന സൂചനകൾ. മജിസ്ട്രേറ്റിന് മുൻപാകെ കീഴടങ്ങി പൊലീസ് കസ്റ്റഡിയിൽ പോകുന്നത് ഒഴിവാക്കാനാണ് പ്രതികളുടെ ശ്രമം. 

നിലവിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള ഫാദർ ജോബ് മാത്യുവിനെ അൽപസമയത്തിനകം കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിക്കും. ഇവിടെ നിന്നും മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കാൻ കൊണ്ടു പോകും. അഭിഭാഷകർ കോടതിയിൽ ഹാജരാവുന്നത് തടയാൻ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ എല്ലാ കോടതികളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലുള്ള മൂന്നാം പ്രതി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നുവെന്നാണ് ലഭ്യമായ വിവരം. 

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കേസിലെ പ്രതികളായ വൈദികരെല്ലാം ഒളിവിൽ പോയിരുന്നു. ഇതേ തുടർന്ന് ഇവരുടെ ബന്ധുകളുടേയും സുഹൃത്തുകളുടേയും വീടുകളിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. ഇതോടെ സമ്മർദ്ദത്തിലായ പ്രതികൾ കീഴടങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന. 

കേസിൽ ഒന്നാം പ്രതിയായ എബ്രഹാം വർ​ഗ്​ഗീസാണ് 16 മത്തെ വയസ്സിൽ യുവതിയെ ആദ്യം പീ‍ഡിപ്പിച്ചത്. ഇക്കാര്യം മകന്‍റെ മാമോദിസാ ചടങ്ങിന് മുന്നോടിയായി നടത്തിയ കുമ്പസാരത്തിനിടെ യുവതി ഫാദർ ജോബ് മാത്യുവിനോട് വെളിപ്പെടുത്തി. പീഡനവിവരം പുറത്തു വിടും എന്ന് ഭീഷണിപ്പെടുത്തി പിന്നീട് ജോബ് മാത്യു യുവതിയെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ മൊഴിയിൽ പറയുന്നത്.