പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ പുറത്ത്, പി.എസ്. ശ്രീധരന്‍ പിള്ള സ്ഥാനാര്‍ഥി!!

ബിജെപി പൂര്‍ണ്ണ വിജയ പ്രതീക്ഷ നിലനിര്‍ത്തുന്ന പത്തനംതിട്ട മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള സ്ഥാനാര്‍ഥിയാവുമെന്ന് റിപ്പോര്‍ട്ട്‌. 

Updated: Mar 14, 2019, 01:46 PM IST
പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ പുറത്ത്, പി.എസ്. ശ്രീധരന്‍ പിള്ള സ്ഥാനാര്‍ഥി!!

പത്തനംതിട്ട: ബിജെപി പൂര്‍ണ്ണ വിജയ പ്രതീക്ഷ നിലനിര്‍ത്തുന്ന പത്തനംതിട്ട മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള സ്ഥാനാര്‍ഥിയാവുമെന്ന് റിപ്പോര്‍ട്ട്‌. 

പത്തനംതിട്ടയ്ക്കായി സുരേന്ദ്രനും ശ്രീധരന്‍പിള്ളയുമായിരുന്നു രംഗത്തുണ്ടായിരുന്നത്. ഇവരില്‍ പാര്‍ട്ടി സംസ്ഥാന 
അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു പുറത്തു വന്നിരുന്ന സൂചനകള്‍. 

പാര്‍ട്ടി വിജയ സാധ്യത കല്‍പ്പിക്കുന്ന മണ്ടലങ്ങളിലോന്നാണ് പത്തനംതിട്ട. പത്തനംതിട്ടയോ തൃശൂരോ തന്നില്ലെങ്കില്‍ മത്സരിക്കില്ലെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍റെ തീരുമാനം. ഒപ്പം, വിജയസാധ്യതയില്ലാത്ത മണ്ഡലം വേണ്ടെന്ന ഉറച്ച നിലപാടും കെ സുരേന്ദ്രന്‍ കോര്‍ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. പത്തനംതിട്ടയും തൃശൂരുമാണ് കെ സുരേന്ദ്രന്‍ നോട്ടമിട്ടിരുന്നത്. 

എന്നാല്‍, സഖ്യകക്ഷിയായ ബിഡിജെഎസ് തൃശൂര്‍ സീറ്റാണ് ആവശ്യപ്പെടുന്നത്. ഇപ്പോള്‍ പത്തനംതിട്ടയും കൈവിട്ടു. ശബരിമല വിഷയത്തില്‍ താന്‍ അനുഭവിച്ച ജയില്‍വാസവും പ്രക്ഷോഭങ്ങളും വോട്ടാക്കി മാറ്റാനുള്ള കെ. സുരേന്ദ്രന്‍റെ ആഗ്രഹം വിഫലമായി. 

ശബരിമല വിഷയത്തില്‍ ഏറ്റവും കൂടുതല്‍ പ്രക്ഷോഭം നടത്തിയതും ജയില്‍വാസം അനുഭവിച്ചതും കെ. സുരേന്ദ്രനാണ്. എന്നാല്‍ അവസാനനിമിഷം പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഇദ്ദേഹത്തെ തന്ത്രപൂര്‍വം ഒഴിവാക്കുന്നത് മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന്‍റെ പേരിലാണെന്നും സംസാരമുണ്ട്. 

എന്നാല്‍, ക്രിസ്ത്യന്‍ സമൂഹത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ഹിന്ദു വോട്ടുകൊണ്ട് മാത്രം ജയിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലും സീറ്റ് വേണമെന്ന ശ്രീധരന്‍ പിള്ളയുടെ കടുംപിടുത്തവുമാണ് കെ.സുരേന്ദ്രന്‍ തഴയപ്പെടാന്‍ കാരണമെന്നും പറയപ്പെടുന്നു. എന്നാല്‍, ചില ക്രിസ്ത്യന്‍ സാമുദായിക സംഘടനകളുമായി ശ്രീധരന്‍ പിള്ളയ്ക്കുള്ള അടുപ്പവും, നായര്‍ സമുദായത്തിന്‍റെ പിന്തുണയും, ശബരിമല വിഷയവുമായി ബന്ധപ്പെട്ട നിഷ്പക്ഷ വോട്ടുകളും കിട്ടിയാല്‍ മണ്ഡലത്തില്‍ ജയിച്ചുകയറാമെന്നാണ് പിള്ളയുടെ അടുപ്പക്കാര്‍ പറയുന്നത്.

എന്നാല്‍ എല്ലാ വിഭാഗങ്ങള്‍ക്കും കെ. സുരേന്ദ്രന്‍ ഒരുപോലെ സ്വീകാര്യനാണെന്നും, പാര്‍ട്ടിക്ക് അതീതമായി ഹൈന്ദവ വോട്ടുകള്‍ സമാഹരിക്കാന്‍ സുരേന്ദ്രന് കഴിയുമെന്നും ഇവര്‍ പറയുന്നു.

അതേസമയം, ശബരിമല ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ കെ. സുരേന്ദ്രനെ ഒഴിവാക്കാനുള്ള നീക്കം സംഘപരിവാറിനുള്ളില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ടെന്നാണ് സൂചന. കൂടാതെ, 16ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുമ്പോള്‍ കേന്ദ്ര നേതൃത്വം ഇടപെട്ടില്ലെങ്കില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍റെ പേര് ഉണ്ടാകില്ല.