കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍റെ സംസ്കാരം ഇന്ന് നടക്കും. ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം നടക്കുകയാണ്. 9 മണിവരെ പൊതുദർശനമുണ്ടാകും. തുടർന്ന് മൃതദേഹം വീട്ടിലെത്തിച്ച ശേഷം 12 മണിയോടെ ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കാരം നടത്തും. മകൾ ആരതിയുടെ കൺമുന്നില്‍ വെച്ചാണ് ഭീകരർ രാമചന്ദ്രനെ വെടിവച്ച് കൊന്നത്.
പഹൽഗാം സന്ദർശനത്തിനിടെ വെടിയൊച്ച കേട്ട് ഓടിരക്ഷപ്പെടുന്നതിനിടെയാണ് ഭീകരർ തങ്ങൾക്ക് മുന്നിലെത്തിയതെന്ന് ആരതി പറഞ്ഞു. തുടർന്ന് അടുത്തെത്തിയ അവർ കലിമ എന്ന് രണ്ട് തവണ പറഞ്ഞു. അറിയില്ല എന്ന് പറഞ്ഞപ്പോൾ അച്ഛന് നേരെ വെടിയുതിർക്കുകയായിരുന്നു. അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞ തന്റെ തലയിൽ അവർ തോക്ക് ചൂണ്ടിയെന്നും എന്നാൽ കുട്ടികൾ നിലവിളിച്ചപ്പോൾ അവർ അവിടെ നിന്നും മാറിയെന്നുമാണ് ആരതി പറഞ്ഞത്. അച്ഛൻ മരിച്ചെന്ന് തിരിച്ചറിഞ്ഞതോടെ മക്കളെയും കൂട്ടി കാട്ടിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും ആരതി കൂട്ടിച്ചേർത്തു.
തങ്ങൾക്ക് മുന്നിലെത്തിയ ഭീകരർ സൈനിക വേഷത്തിലായിരുന്നില്ലെന്ന് ആരതി വ്യക്തമാക്കി. ഓടിരക്ഷപ്പെടുന്നതിനിടെ ഫോണിന് റെയ്ഞ്ച് കിട്ടുകയും ഡ്രൈവറെ വിളിച്ചറിയിക്കുകയുമായിരുന്നു. ഇതിന് ശേഷം സൈന്യവും പ്രദേശവാസികളും രക്ഷയ്ക്കെത്തി. കശ്മീരിലെ പ്രദേശവാസികൾ സഹായിക്കാൻ തങ്ങൾക്കൊപ്പം നിന്നുവെന്നും ആരതി പറഞ്ഞു.
അതേസമയം പഹൽഗാം ആക്രമണത്തിൽ 26 പേരാണ് മരിച്ചത്. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്രയിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്ര, കേരള, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിൽ ഉള്ളത്. നേപ്പാളിൽ നിന്നുള്ള ഒരാളും മരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









