പാര്‍ട്ടിയാണ് പ്രധാനം, ഒറ്റക്കെട്ടായി മുന്നോട്ട് പോകണ൦: ഉമ്മന്‍ ചാണ്ടി

ഹൈക്കമാന്‍ഡിന്‍റെ തീരുമാനം എന്തു തന്നെയായാലും അംഗീകരിക്കണം. പാര്‍ട്ടിയാണ് പ്രധാനം. പാര്‍ട്ടിയുണ്ടെങ്കിലേ അഭിപ്രായ വ്യത്യാസമുണ്ടാകൂ എന്ന് എല്ലാവരും ഓര്‍ക്കണം. കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഉമ്മന്‍ ചാണ്ടി. 

Updated: Sep 20, 2018, 03:55 PM IST
പാര്‍ട്ടിയാണ് പ്രധാനം, ഒറ്റക്കെട്ടായി മുന്നോട്ട് പോകണ൦: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഹൈക്കമാന്‍ഡിന്‍റെ തീരുമാനം എന്തു തന്നെയായാലും അംഗീകരിക്കണം. പാര്‍ട്ടിയാണ് പ്രധാനം. പാര്‍ട്ടിയുണ്ടെങ്കിലേ അഭിപ്രായ വ്യത്യാസമുണ്ടാകൂ എന്ന് എല്ലാവരും ഓര്‍ക്കണം. കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഉമ്മന്‍ ചാണ്ടി. 

കെപിസിസി പ്രസിഡന്‍റ് അടക്കം കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തില്‍ സമൂല മാറ്റം വരുത്താനുള്ള ഹൈക്കമാന്‍ഡിന്‍റെ തീരുമാനത്തിനെതിരെ പ്രതിഷേധ൦ ഉയരുന്നതില്‍ ഉമ്മന്‍ ചാണ്ടി കടുത്ത അതൃപ്തി അറിയിച്ചു.

അതുകൂടാതെ, കെപിസിസി പ്രസിഡന്‍റ് സ്ഥാനം താത്‌കാലികമായി വഹിച്ചിരുന്ന എം എം ഹസ്സനെ അഭിനന്ദിച്ച അദ്ദേഹം വ്യക്തികള്‍ക്കും ഗ്രൂപ്പിനുമല്ല പാര്‍ട്ടിക്കാണ് പ്രാധാന്യമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പുതിയ കെപിസിസി പ്രസിഡന്‍റ് ആയതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു. 
 
അതേസമയം, 2019ല്‍ ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് പുതിയ ഭാരവാഹികളെ നിയമിച്ചുകൊണ്ടുള്ള എ.ഐ.സി.സി തീരുമാനം കോണ്‍ഗ്രസില്‍ അതൃപ്തിക്ക് കളമൊരുക്കിയിരിക്കുകയാണ്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി രാഹുൽ ഗാന്ധി തീരുമാനിച്ചത്. മുല്ലപ്പള്ളിയെ അധ്യക്ഷനാക്കണമെന്ന എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങളുടെ നിര്‍ദേശ൦ രാഹുൽ ഗാന്ധി അംഗീകരിച്ചു. ഗ്രൂപ്പുകള്‍ക്ക് അതീതനായ ഒരു നേതാവിനെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത് കോണ്‍ഗ്രസ്‌ നേതൃത്വം വളരെ ബുദ്ധിപൂര്‍വ്വമായ നീക്കമാണ് നടത്തിയത്. 

പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട പേരുകളില്‍ ആദ്യത്തേത് കെ. സുധാകരന്‍റെതാണ്. എന്നാല്‍ കെപിസിസി ഭാരവാഹികളുടെ പേര് വിവരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കെ. സുധാകരനെ വര്‍ക്കി൦ഗ് പ്രസിഡന്‍റായാണ് പരിഗണിച്ചത്. ഇത് സുധാകര പക്ഷത്ത് അതൃപ്തി ഉളവാക്കിയതായാണ് റിപ്പോര്‍ട്ട്.