പത്തനംതിട്ടയ്ക്ക് പുതിയ പോരാളി, പി സി ജോര്‍ജ്!!

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കരുത്തുകാട്ടാന്‍ പി സി ജോര്‍ജ്!!

Last Updated : Feb 14, 2019, 10:55 AM IST
പത്തനംതിട്ടയ്ക്ക് പുതിയ പോരാളി, പി സി ജോര്‍ജ്!!

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കരുത്തുകാട്ടാന്‍ പി സി ജോര്‍ജ്!!

കോണ്‍ഗ്രസുമായി സഹകരിക്കുന്നതിന് പി.സി. ജോര്‍ജ് നല്‍കിയ കത്തിന് ഒരു മറുപടിപോലും ലഭിക്കാത്ത സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കാനുള്ള നീക്കവുമായി പി സി ജോര്‍ജ്.  

അഞ്ച് മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കരുത്ത് കാട്ടാനാണ് പി.സി ജോര്‍ജ്ജ് 
തീരുമാനിച്ചിരിയ്ക്കുന്നത്. ഈ തിരഞ്ഞെടുപ്പിലൂടെ കേരള ജനപക്ഷ൦ ജനമധ്യത്തിലേയ്ക്ക് എത്തുകയാണ്. 

പത്തനംതിട്ടയിലാകും പി.സി.ജോര്‍ജ് മല്‍സരിക്കുക എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം, ചാലക്കുടി മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് സ്വാധീനമുണ്ടെന്നും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും പി.സിജോര്‍ജ് പറഞ്ഞു. കൂടാതെ, കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പി.ജെ. ജോസഫിന് പുറത്താവേണ്ടിവരുമെന്നും അപ്പോള്‍ അദ്ദേഹവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

ഒ. രാജഗോപാലുമായി നിയമസഭയിലെ സഹകരണം തുടരുമെങ്കിലും തല്‍ക്കാലം എന്‍.ഡി.എയിലേക്ക് പോകുന്നത് ആലോചിക്കുന്നില്ലെന്നും പി.സി.ജോര്‍ജ് പറയുന്നു. ജോസ് കെ മാണിയെ അംഗീകരിച്ച് പി.ജെ. ജോസഫ് തുടരാന്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തിനൊപ്പമുള്ള അസംതൃപ്തരെ ഉള്‍ക്കൊള്ളുന്ന സംവിധാനമൊരുക്കാന്‍ താന്‍ നിര്‍ബന്ധിതനാകും. മാണിയുമായി പിരിയാന്‍ ജോസഫ് തീരുമാനിച്ചാല്‍ അദ്ദേഹവുമായി സഹകരിക്കുമെന്നും പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. 

മുന്നണിയില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച്‌ യുഡിഎഫില്‍ നിന്നും അനുകൂല പ്രതികരണം ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് ഒറ്റയ്ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കരുത്ത് കാട്ടാനുള്ള തീരുമാനവുമായി പി.സി.ജോര്‍ജ്ജ് മിന്നോട്ട് നീങ്ങുന്നത്.

യുഡിഎഫിന്‍റെ ശക്തമായ അടിത്തറയുള്ള ജില്ലയാണ് പത്തനംതിട്ട. അതേസമയം, ശബരിമല വിഷയം ഏറ്റവും ശക്തമായ രീതിയില്‍ ബാധിച്ചതും, ഒപ്പം ഹൈന്ദവ വോട്ടുകള്‍ എകീകരിക്കാനുള്ള ശ്രമത്തില്‍ ബിജെപി ഏതാണ്ട് വിജയിച്ച ജില്ലയുമാണ്‌ പത്തനംതിട്ട. എന്നാല്‍ പത്തനംതിട്ടയിലൂടെ തന്‍റെ ലോക്സഭയിലേയ്ക്കുള്ള അരങ്ങേറ്റത്തിന് ചരട് വലിക്കുന്ന പി സി ജോര്‍ജ്ജിന്‍റെ നീക്ക൦ വിജയം സമ്മാനിക്കുമോ? കാത്തിരുന്ന് കാണാം.... 

 

More Stories

Trending News