സൗമ്യയുടെ ആത്മഹത്യ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

സംഭവം നടന്ന കണ്ണൂര്‍ വനിതാ ജയിലിലെ ജീവനക്കാര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Last Updated : Aug 25, 2018, 11:47 AM IST
സൗമ്യയുടെ ആത്മഹത്യ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തൂങ്ങി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. സംഭവം നടന്ന കണ്ണൂര്‍ വനിതാ ജയിലിലെ ജീവനക്കാര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജയിലില്‍ വച്ച്‌ സൗമ്യ പീഡനത്തിനിരയായോ എന്ന് പരിശോധിക്കണമെന്നും ജയില്‍ ഡിജിപിയ്ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന പ്രാഥമിക വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയ കേസെടുത്തത്. സംഭവത്തില്‍ ജയില്‍ ഡിജിപിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഉത്തര മേഖല ജയില്‍ ഡിഐജി എസ്. സന്തോഷിനോട് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനാണ് ജയില്‍ ഡിജിപി ആര്‍. ശ്രീലേഖ ഉത്തരവിട്ടിരിക്കുന്നത്. വനിതാ സബ്ജയിലില്‍ തടവിലായിരുന്നു സൗമ്യയെ വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് വളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

പിണറായി കൂട്ടക്കൊല കേസിലെ ഏക പ്രതിയായായ സൗമ്യയ്ക്ക് ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലിയിലായിരുന്നു നിയോഗിച്ചിരുന്നത്. രാവിലെ പശുക്കള്‍ക്ക് പുല്ലുചെത്താനായി പോയ സൗമ്യയെ പിന്നീട് കണ്ടെത്തിയത് ഉടുത്തിരുന്ന സാരിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.  

 

Trending News