close

News WrapGet Handpicked Stories from our editors directly to your mailbox

പിണറായി കൂട്ടക്കൊല: പ്രതി സൗമ്യ ജീവനൊടുക്കിയത് ഉദ്യോഗസ്ഥരുടെ പിഴവ് മൂലം

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തൂങ്ങി മരിച്ചത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് വിലയിരുത്തല്‍. സംഭവത്തില്‍ ആഭ്യന്തരവകുപ്പ് അന്വേഷണം ആരംഭിച്ചു. 

Updated: Aug 24, 2018, 06:13 PM IST
പിണറായി കൂട്ടക്കൊല: പ്രതി സൗമ്യ ജീവനൊടുക്കിയത് ഉദ്യോഗസ്ഥരുടെ പിഴവ് മൂലം

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തൂങ്ങി മരിച്ചത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് വിലയിരുത്തല്‍. സംഭവത്തില്‍ ആഭ്യന്തരവകുപ്പ് അന്വേഷണം ആരംഭിച്ചു. 

വനിതാ സബ്ജയിലില്‍ തടവിലായിരുന്നു സൗമ്യയെ രാവിലെ 10 മണിയോടെയാണ് വളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

പിണറായി കൂട്ടക്കൊല കേസിലെ ഏക പ്രതിയായായ സൗമ്യയ്ക്ക് ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലിയിലായിരുന്നു നിയോഗിച്ചിരുന്നത്. രാവിലെ പശുക്കള്‍ക്ക് പുല്ലുചെത്താനായി പോയ സൗമ്യയെ പിന്നീട് കണ്ടെത്തിയത് ഉടുത്തിരുന്ന സാരിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.  

കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി സ്വന്തം അച്ഛനേയും അമ്മയേയും മകളെയും വിഷം കൊടുത്ത കൊന്ന കേസിലെ പ്രതിയായിരുന്നു വണ്ണത്താൻ വീട്ടിൽ സൗമ്യ. മകൾക്ക് ചോറിലും മത്സ്യത്തിലും മാതാപിതാക്കൾക്കു രസത്തിലും എലിവിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ കഴിഞ്ഞ ഏപ്രിൽ 24നാണു തലശ്ശേരി സിഐ കെ.ഇ.പ്രേമചന്ദ്രൻ സൗമ്യയെ അറസ്റ്റ് ചെയ്തത്. നാലു മാസത്തിനിടെ കുടുംബത്തിലുണ്ടായ മൂന്നു ദുരൂഹ മരണങ്ങൾ നാട്ടുകാരുടെ ഇടപെടലിനെത്തുടർന്നാണു പുറത്തുവന്നത്. 

അതേസമയം, ജയിലില്‍ നിന്ന് സൗമ്യയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തന്‍റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നും കുടുംബം തന്നെ ഒറ്റപ്പെടുത്തുകയാണെന്നും താന്‍ കുറ്റക്കാരിയല്ല, ആരേയും കൊന്നിട്ടില്ല എന്നും സൗമ്യയുടെ ആത്മഹത്യാ കുറിപ്പിലുള്ളതായി പൊലീസ് പറയുന്നു. മകളെ അഭിസംബോധന ചെയ്താണ് കുറിപ്പ്. 

എന്നാല്‍, സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെ അറിയിച്ചെങ്കിലും ആരും വന്നില്ലെന്നാണ് സൂചന.