ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി യാത്ര തിരിച്ചു

റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍, ഡിജിപി ലോക്നാഥ് ബെഹ്റ ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വ‌ാസ് മേത്ത എന്നിവരും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്.     

Last Updated : Aug 13, 2019, 08:53 AM IST
ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി യാത്ര തിരിച്ചു

തിരുവനന്തപുരം: കാലവര്‍ഷം കനത്ത നാശം വിതച്ച മേഖലകളില്‍ സന്ദര്‍ശനം നടത്താന്‍ തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര തിരിച്ചു. 

റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍, ഡിജിപി ലോക്നാഥ് ബെഹ്റ ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വ‌ാസ് മേത്ത എന്നിവരും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. 

വ്യോമസേനയുടെ AN32 എന്ന വിമാനത്തിലാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യാത്ര. ഒന്‍പത് മണിയോടെ മുഖ്യമന്ത്രിയും സംഘവും കരിപൂരില്‍ എത്തിച്ചേരും. 

അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം സുല്‍ത്താന്‍ബത്തേരിയിലെത്തുന്ന സംഘം മേപ്പാടി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ആദ്യം സന്ദര്‍ശിക്കും. അതിനുശേഷം ഉച്ചയ്ക്ക് മലപ്പുറത്ത് എത്തുകയും റോഡ്‌ മാര്‍ഗ്ഗം ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്യും. 

മഴയുടെ ശക്തി കുറഞ്ഞത് രക്ഷാ പ്രവര്‍ത്തനം സുഗമാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ വിലയിരുത്തിയിരുന്നു. മണ്ണിടിച്ചില്‍ മേഖലയിലുള്ള മുഴുവനാളുകളെയും ഒഴിപ്പിക്കാന്‍ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. 

വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മുഖ്യമന്ത്രി കളക്ടര്‍മാരുടെ യോഗം വിളിച്ചത്. 

Trending News