മാവോയിസ്റ്റ് ഭീഷണി: രാജ്യതലസ്ഥാനത്തും മുഖ്യന് കനത്ത സുരക്ഷ

പോളിറ്റ്ബ്യൂറോ യോഗത്തിനായിട്ടാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്.   

Last Updated : Nov 16, 2019, 02:32 PM IST
മാവോയിസ്റ്റ് ഭീഷണി: രാജ്യതലസ്ഥാനത്തും മുഖ്യന് കനത്ത സുരക്ഷ

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹിയിലും സുരക്ഷ വര്‍ധിപ്പിച്ചു. 

ബുള്ളറ്റ് പ്രൂഫ് കാറും ജാമര്‍ ഘടിപ്പിച്ച വാഹനവും മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

മാത്രമല്ല നാല് കമാന്‍ഡോകളടക്കം 15 ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷയ്ക്കായുണ്ട്. ഡല്‍ഹി പൊലീസിനൊപ്പം കേരള പൊലീസും മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കുന്നുണ്ട്.

പോളിറ്റ്ബ്യൂറോ യോഗത്തിനായിട്ടാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്. എന്നാല്‍ ഇന്നലെ രാത്രിയില്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ മുഖ്യമന്ത്രി സാധാരണ യാത്ര ചെയ്യാറുള്ള വാഹനത്തില്‍ തന്നെയാണ് എകെജി ഭവനിലേക്കെത്തിയത്.

അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി മുഴക്കി മാവോയിസ്റ്റുകളുടെ ഭീഷണി കത്തുണ്ടായിരുന്നു.

ഏഴു സഖാക്കളെ കൊന്നൊടുക്കിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കുമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി പശ്ചിമ ഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബദര്‍ മൂസയുടെ പേരില്‍ ചെറുവത്തൂരില്‍ നിന്നുമാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിനോടൊപ്പം മാവോയിസ്റ്റ് ലഘുലേഖകളും ലഭിച്ചിട്ടുണ്ട്. 

ഇതോടൊപ്പം പേരാമ്പ്ര എസ്.ഐ ഹരീഷിനും ഭീഷണിയുണ്ട്. എസ്.ഐ ഹരീഷ് നാടിന് അപമാനമാണെന്നും സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് അവരെ നായയെപ്പോലെ തല്ലിച്ചതയ്ക്കാന്‍ ഭരണഘടനയുടെ ഏത് നിയമമാണ് ഇതിന് അനുവദിക്കുന്നതെന്നും ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം കാണേണ്ടതുപോലെ വൈകാതെ കാണുമെന്നും കത്തില്‍ പറയുന്നുണ്ട്. 

Trending News