തിരുവനന്തപുരം: കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന ശുചിത്വ സാഗരം പദ്ധതി സംസ്ഥാനത്തെ 21 ഹാർബറുകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനം. കൊല്ലം നീണ്ടകര ഹാർബറിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയാണ് മറ്റ് ഹാർബറുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. ഇതിനുള്ള കർമ്മപദ്ധതി സംസ്ഥാന തീരദേശ വികസന കോർപറേഷന്റെ സഹകരണത്തോടെ ഹാർബർ എൻജിനിയറിംഗ് വകുപ്പ് തയ്യാറാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

മത്സ്യബന്ധനം, തദ്ദേശസ്വയംഭരണം, യുവജനകാര്യം, വിനോദസഞ്ചാരം എന്നീ വകുപ്പുകളുടെയും അവയുടെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങൾ, സംഘങ്ങൾ, സന്നദ്ധ സേവകർ എന്നിവരുടെയും സഹകരണത്തോടെ ഹാർബറുകളിൽ പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാ​ഗമായി സിനിമാ രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി സംഘടിപ്പിക്കും. ശുചിത്വസാഗരം പദ്ധതി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമ്പോൾ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകൾ വേണ്ടി വരും. ഒരു യൂണിറ്റിന് 55 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.


ALSO READ: മഴക്കാലമെത്താന്‍ ഒരുമാസം; രോഗം പരത്താനൊരുങ്ങി നന്ദിയോട് പബ്ലിക്ക് മാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരം


ഫിഷറീസ്, ഹാർബർ എൻജിനിയറിംഗ് തദ്ദേശസ്വയംഭരണ വകുപ്പുകൾ, ശുചിത്വ മിഷൻ, നെറ്റ് ഫിഷ് എം. പി. ഇ. ഡി. എ, സാഫ്, തീരദേശ പോലീസ്, ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ, മത്സ്യത്തൊഴിലാളി സംഘടനകൾ എന്നിവർ ചേർന്നാണ് നീണ്ടകരയിൽ പദ്ധതി നടപ്പാക്കിയത്. മത്സ്യബന്ധന വേളയിൽ ലഭിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ബോട്ട് ഓണേഴ്‌സ് അസോസിയേഷന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ സംഭരിച്ച് കരയിലെത്തിക്കുന്നു. തുടർന്ന് നീണ്ടകരയിലെ ഹാർബറിലുള്ള ഷ്രെഡിം​ഗ് യൂണിറ്റിൽ എത്തിച്ച് സംസ്‌കരിച്ച ശേഷം ഇത് റോഡ് നിർമ്മാണത്തിന് ഉപയോഗിക്കും. ദിവസം രണ്ട് ഷിഫ്റ്റ് എന്ന രീതിയിലാണ് ഷ്രെഡിം​ഗ് യൂണിറ്റിൽ പ്ലാസ്റ്റിക്ക് സംസ്‌കരണം നടക്കുന്നത്. ഒരു ഷിഫ്റ്റിൽ 200 കിലോഗ്രാം മാലിന്യം സംസ്‌കരിക്കും. മാലിന്യസംസ്‌കരണ യൂണിറ്റിൽ 21 പേരാണ് ജോലി ചെയ്യുന്നത്.


മറ്റ് ഹാർബറുകളിൽ കൂടി ശുചിത്വ സാഗരം നടപ്പിലാകുന്നതോടെ കടലിൽ നിന്നും വലിയ അളവിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും സംസ്‌കരിച്ച് പുനരുപയോഗിക്കാനും കഴിയും. ഇതിലൂടെ ഹാർബറുകളും തീരദേശവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലോകത്തിന് മാതൃകയായ പദ്ധതി എന്ന രീതിയിൽ ലോകസാമ്പത്തിക ഫോറത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രശംസ ലഭിക്കുകയും ചെയ്ത പദ്ധതിയാണ് ശുചിത്വസാ​ഗരം പദ്ധതി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.