പ്രധാനമന്ത്രി ഗുരുവായൂരില്‍ എത്തി; ഒരു മണിക്കൂര്‍ ക്ഷേത്ര ദര്‍ശനം നടത്തും

കേരളീയ വേഷത്തിലാണ് പ്രധാനമന്ത്രി ക്ഷേത്രദര്‍ശനം നടത്തുന്നത്.  

Last Updated : Jun 8, 2019, 10:58 AM IST
പ്രധാനമന്ത്രി ഗുരുവായൂരില്‍ എത്തി; ഒരു മണിക്കൂര്‍ ക്ഷേത്ര ദര്‍ശനം നടത്തും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തി. രാവിലെ 8.55-ഓടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസില്‍നിന്ന് യാത്രതിരിച്ച അദ്ദേഹം ദക്ഷിണമേഖല നാവിക ആസ്ഥാനത്തെ വിമാനത്താവളത്തില്‍നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് ഗുരുവായൂരിലേക്ക് പുറപ്പെട്ടത്. 

രാവിലെ 9.45-ഓടെ പ്രധാനമന്ത്രി ഗുരൂവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഹെലിപ്പാഡിലിറങ്ങി. ശേഷം കാറില്‍ ദേവസ്വത്തിന്‍റെ ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പുറപ്പെട്ടു. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ അല്‍പ സമയം വിശ്രമിച്ച ശേഷമാണ് ക്ഷേത്രത്തിലേക്ക് പോയത്.

 

 

രാവിലെ 10 മുതല്‍ 11.10വരെയാണ് അദ്ദേഹം ദര്‍ശനം നടത്തുന്നത്. ഏകദേശം ഒരു മണിക്കൂറോളം പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തില്‍ ചെലവഴിക്കും. ക്ഷേത്രം കിഴക്കേഗോപുരകവാടത്തില്‍ പ്രധാനമന്ത്രിയെ പൂര്‍ണകുംഭം നല്‍കി എതിരേല്‍ക്കും. കേരളീയ വേഷത്തിലാണ് പ്രധാനമന്ത്രി ക്ഷേത്രദര്‍ശനം നടത്തുന്നത്.

 

 

ഭഗവാനെ തൊഴുത് സോപാനപ്പടിയില്‍ കാണിക്ക സമര്‍പ്പിക്കും. ഉപദേവന്മാരെ തൊഴുത്, ചുറ്റമ്പലപ്രദക്ഷിണം കഴിഞ്ഞ് താമരപ്പൂക്കള്‍കൊണ്ട് തുലാഭാരം വഴിപാടും നടത്തിയാകും പ്രധാനമന്ത്രി ക്ഷേത്രത്തില്‍നിന്ന് മടങ്ങുക.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് കൊച്ചിയിലും ഗുരുവായൂരിലും ഒരുക്കിയിട്ടുള്ളത്. രാവിലെ ഏഴ് മണി മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദര്‍ശനത്തിനുശേഷം അദ്ദേഹം 11.30-ന് ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ബി.ജെ.പി.യുടെ ‘അഭിനന്ദന്‍ സമ്മേളന്‍’ ഉദ്ഘാടനം ചെയ്യും. 12.40-ന് ഹെലികോപ്റ്ററില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. 1.55 വരെ ഇവിടത്തെ ലോഞ്ചില്‍ വിശ്രമിച്ചശേഷം രണ്ടുമണിക്ക് മടങ്ങും.

 

 

ക്ഷേത്രദര്‍ശനം നടത്തിയ പ്രധനമന്ത്രി 111 കിലോ താമരപൂക്കള്‍ കൊണ്ട് തുലാഭാരം നടത്തി.  അതിന് ശേഷം ഇപ്പോള്‍ അദ്ദേഹം ചുറ്റമ്പലത്തില്‍ പ്രദക്ഷിണം നടത്തുകയാണ്. മറ്റ് വഴിപാടുകളും അദ്ദേഹം നടത്തി. 

 

 

ക്ഷേത്രദര്‍ശനം നടത്തിയതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറങ്ങി.  ശ്രീവത്സം ഗസ്റ്റ് ഹൗസിലേയ്ക്ക് അദ്ദേഹം കാല്‍നട യാത്രയാണ്‌ ചെയ്തത്.  അദ്ദേഹത്തിന്റെ കൊണ്ടുപോകാന്‍ കാര്‍ വന്നെങ്കിലും അദ്ദേഹം കറില്‍ കയറാതെ നടന്നാണ് ഗസ്റ്റ് ഹൗസിലേക്ക് പോയത്. 

ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ പ്രധാനമന്ത്രി ക്ഷേത്ര അധികൃതരോട് ചര്‍ച്ച നടത്തുകയാണ്.  അതിന്ശേഷമായിരിക്കും അദ്ദേഹം ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ബി.ജെ.പി.യുടെ ‘അഭിനന്ദന്‍ സമ്മേളന്‍’ ഉദ്ഘാടനം ചെയ്യുന്നത്.

 

Trending News