പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; ഗുരുവായൂരില്‍ താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരം

രണ്ടാംവട്ടം പ്രധാനമന്ത്രിയായതിന് ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ പൊതുപരിപാടിയാണ് ഗുരുവായൂരിലേത്.   

Last Updated : Jun 7, 2019, 11:36 AM IST
പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; ഗുരുവായൂരില്‍ താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരം

തൃശൂര്‍: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം കേരളത്തിലെത്തും. വൈകുന്നരം കൊച്ചിയില്‍ എത്തുന്ന  പ്രധാനമന്ത്രി നാളെ രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 

രണ്ടാംവട്ടം പ്രധാനമന്ത്രിയായതിന് ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ പൊതുപരിപാടിയാണ് ഗുരുവായൂരിലേത്. ഇന്ന് രാത്രി കൊച്ചിയില്‍ തങ്ങുന്ന പ്രധാനമന്ത്രി നാളെ രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം തൃശൂരിലെത്തും.

തുടര്‍ന്ന്‍ റോഡ്‌ മാര്‍ഗ്ഗം ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോകും. പത്തുമണിയോടെ ഗുരുവായൂര്‍ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. തുലാഭാരം, കളഭാച്ചാര്‍ത്ത് ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്താനാണ് ദേവസ്വം അധികൃതര്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശമെന്നാണ് സൂചന.

തുലാഭാരം താമരപ്പൂവ് കൊണ്ട് വേണമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്‌ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ക്ഷേത്രത്തിലും പരിസരത്തും ഒരുക്കിയിരിക്കുന്നതെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. 

തന്റെ ദർശനത്തിന് വേണ്ടി ക്ഷേത്രത്തിലെ ആചാരങ്ങൾക്കോ, സമയക്രമങ്ങൾക്കോ യാതൊരു മാറ്റവും വരുത്തരുതെന്നും ഭക്തരെ അനാവശ്യമായി നിയന്ത്രിക്കരുതെന്നും പ്രധാനമന്ത്രി പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ പ്രധനമന്ത്രി പങ്കെടുക്കും. 

ശബരിമല പ്രശ്നത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ഉള്‍പ്പെടെ എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതീക്ഷ. അതിന്ശേഷം ഉച്ചയോടെ പ്രധാനമന്ത്രി ഡല്‍ഹിക്ക് മടങ്ങും. 

Trending News