വിശ്വാസം സംരക്ഷിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗ്ഗങ്ങള്‍ തേടും: നരേന്ദ്ര മോദി

കരുത്തുള്ള ഒരു സർക്കാരിനു മാത്രമേ കോടിക്കണക്കിനു വരുന്ന ജനങ്ങളെ സംരക്ഷിക്കാൻ കഴിയൂവെന്ന് പറഞ്ഞ മോദി അതിനായി കാവൽക്കാരന്‍റെ കൈകൾക്ക് കരുത്ത് പകരാൻ കഴിയണമെന്നും ഓർമ്മിപ്പിച്ചു.  

Last Updated : Apr 19, 2019, 07:49 AM IST
വിശ്വാസം സംരക്ഷിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗ്ഗങ്ങള്‍ തേടും: നരേന്ദ്ര മോദി

തിരുവനന്തപുരം: ഒരിക്കല്‍ കൂടി എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ കോടതി മുതല്‍ പാര്‍ലമെന്റ് വരെ പോകുമെന്ന് നരേന്ദ്രമോദി. ഇന്നലെ തിരുവനന്തപുരത്ത് നടന്ന എന്‍ഡിഎ റാലിയിലാണ് മോദി പറഞ്ഞത്.

വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കൂടി കാവല്‍ക്കാരനാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ആചാരങ്ങൾ സംരക്ഷിക്കാൻ ഭരണഘടനാപരമായ മാർഗ്ഗങ്ങൾ അവലംബിക്കുമെന്നും വിശ്വാസങ്ങളെ തകർക്കാൻ ഒരിക്കലും അനുവദിക്കില്ലയെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കേരളത്തിലെ ഓരോ കുഞ്ഞും ഈ വിശ്വാസങ്ങളുടെ കാവൽക്കാരാകുമെന്ന് പറഞ്ഞ മോദി കേരളത്തില്‍ ദൈവത്തിന്‍റെ പേര് പറഞ്ഞാല്‍ കള്ളക്കേസെടുക്കുമെന്നും ലാത്തിചാര്‍ജ്ജ് നടത്തുമെന്നും കുറ്റപ്പെടുത്തി.

അവസരവാദ പ്രത്യയശാസ്ത്രമാണ് കോൺഗ്രസിന്റെയും, കമ്മ്യൂണിസ്റ്റിന്റെയുമെന്ന് പറഞ്ഞ മോദി കേരളത്തിൽ അവര്‍ പരസ്പരം പോരടിക്കുകയും, ഡൽഹിയിൽ അധികാരത്തിലെത്താൻ പരസ്പരം ചങ്ങാത്തതിലാകുകയും ചെയ്യുന്നുവെന്നും ആരോപിച്ചു. 

ഇത്തവണയും ശബരിമല എന്ന വാക്ക് ഉപയോഗിക്കാതെയാണ് മോദി സംസാരിച്ചത്. രഹുലിനെ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനെയും മോദി പ്രസംഗത്തില്‍ കടന്നാക്രമിച്ചു.  ലാവലിൻ അഴിമതിയാരോപണത്തിന്‍റെ നിഴലിൽ നിൽക്കുന്നയാളാണ് കേരളത്തിന്‍റെ മുഖ്യമന്ത്രിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. 

മാത്രമല്ല മറ്റ് മന്ത്രിമാർക്കെതിരെയും ഗുരുതരമായ അഴിമതിയാരോപണങ്ങളുണ്ട്. പ്രളയത്തിന് ശേഷം കേരളത്തിന് ലഭിച്ച സഹായം പോലും തട്ടിയെടുക്കുകയായിരുന്നു ഇവിടത്തെ സർക്കാരെന്നുംമോദി ആരോപിച്ചു.

നമ്പി നാരായണനെയും മോദി പ്രസംഗത്തിൽ പരാമർശിച്ചു. കോൺഗ്രസ് സർക്കാർ നമ്പി നാരായണനെ ദ്രോഹിച്ചതെങ്ങനെയാണെന്ന് അറിയാമല്ലോ എന്നാണ് മോദി ചോദിച്ചത്. അടുത്ത കാലത്ത് ബിജെപി അനുഭാവിയും ശബരിമല കർമസമിതി നേതാവുമായ മുൻ ഡിജിപി സെൻകുമാറിനെ വേദിയിലിരുത്തിയാണ് പ്രധാനമന്ത്രി ഇത് പറഞ്ഞതെന്നതാണ് ശ്രദ്ധേയം. 

ഇന്ന് കരയിലും, ആകാശത്തിലും, ബഹിരാകാശത്തിലും ഇന്ത്യ സുരക്ഷിതമാണെന്ന് പറഞ്ഞ മോദി ഈ കാവൽക്കാരൻ ശത്രുഭീഷണിയിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാൻ എല്ലാ പിന്തുണയും നൽകി കഴിഞ്ഞുവെന്നും പറഞ്ഞു.

ഇത് നേരത്തെ ചെയ്യാൻ കഴിയുമായിരുന്നു, എന്നാൽ രാജ്യം ഭരിച്ചിരുന്ന കോൺഗ്രസിനു അതിനുള്ള ധൈര്യം ഇല്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതാണ് വാഗ്ദാനം മാത്രം നൽകുന്നവരും, തീരുമാനം നടപ്പാക്കുന്നവരും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരുത്തുള്ള ഒരു സർക്കാരിനു മാത്രമേ കോടിക്കണക്കിനു വരുന്ന ജനങ്ങളെ സംരക്ഷിക്കാൻ കഴിയൂവെന്ന് പറഞ്ഞ മോദി അതിനായി കാവൽക്കാരന്‍റെ കൈകൾക്ക് കരുത്ത് പകരാൻ കഴിയണമെന്നും ഓർമ്മിപ്പിച്ചു.

തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ എന്നിവരും ചടങ്ങിൽ അണിനിരന്നു. ഇനി വെറും 4 ദിവസങ്ങൾ മാത്രമാണ് കേരളത്തിൽ വോട്ടെടുപ്പിനായുള്ളത്.

Trending News