തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും

പതിനെട്ടിന് തിരുവനന്തപുരത്തും നരേന്ദ്ര മോദി പ്രചാരണത്തിനായി എത്തും.   

Last Updated : Apr 12, 2019, 07:36 AM IST
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനാണ് നരേന്ദ്ര മോദി കേരളത്തില്‍ എത്തുന്നത്. വൈകിട്ട് കോഴിക്കോട്ടെ പൊതുയോഗത്തില്‍ നരേന്ദ്ര മോദി പങ്കെടുക്കും.

പതിനെട്ടിന് തിരുവനന്തപുരത്തും നരേന്ദ്ര മോദി പ്രചാരണത്തിനായി എത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് കോഴിക്കോട് നഗരത്തിലും പരിസര പ്രദേശത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

പ്രധാനമന്ത്രി പങ്കെടുക്കുന്ന സമ്മേളന വേദിയും പരിസരവും എസ്‌.പി.ജി സംഘത്തിന്റെ നിരീക്ഷണത്തിലാണ്. കമാന്‍ഡോകളും സായുധസേന വിഭാഗവും ഉള്‍പ്പെടെ 2000  പൊലീസ്  ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതലയ്ക്കായി വിന്യസിച്ചിരിക്കുന്നത്‌.

വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയില്‍ വടകര, മലപ്പുറം മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും പങ്കെടുക്കും. നരേന്ദ്ര മോദിക്കായി ബീച്ചില്‍ ഒരുക്കുന്ന വേദിയുടെ അവസാന മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്.  50 അടി നീളവും 30 അടി വീതിയുമുള്ള വേദിയാണ് പ്രധാനമന്ത്രിക്കായി ഒരുക്കുന്നത്. 

വിവിധ എന്‍.ഡി.എ നേതാക്കള്‍ക്കൊപ്പം കഴിഞ്ഞദിവസം മുന്നണിയില്‍ ചേര്‍ന്ന ജനപക്ഷം പാര്‍ട്ടി നേതാവ് പി.സി.ജോര്‍ജ്ജും മോദിയെ സ്വീകരിക്കാനായി എത്തുന്നുണ്ട്.  ഇന്ന് വൈകുന്നേരം 6.10 ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രി റോഡ്‌ മാര്‍ഗം 6.40 ന് ബീച്ചിലെത്തും എന്നാണ് സൂചന. 

Trending News