കേന്ദ്രമന്ത്രിസഭയിലെ കേരളാ പ്രാതിനിധ്യം പ്രധാനമന്ത്രി തീരുമാനിക്കും

മുരളീധരന് പുറമെ ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം ലഭിച്ച കുമ്മനം രാജശേഖരനും തലസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.   

Last Updated : May 30, 2019, 12:55 PM IST
കേന്ദ്രമന്ത്രിസഭയിലെ കേരളാ പ്രാതിനിധ്യം പ്രധാനമന്ത്രി തീരുമാനിക്കും

കേന്ദ്രമന്ത്രിസഭയിലെ കേരളാ പ്രാതിനിധ്യം പ്രധാനമന്ത്രി തീരുമാനിക്കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി.മുരളീധരന്‍ എംപി. 

കേരള ജനതയുടെ പ്രതീക്ഷ നിറവേറ്റുന്ന സര്‍ക്കാരാവും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുണ്ടാകുന്നതെന്ന് സംശയമില്ലയെന്നും മുരളീധരന്‍ പറഞ്ഞു. ആന്ധ്രയിലായിരുന്ന മുരളീധരനോട് വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലെത്താന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അദ്ദേഹം ഇന്ന് രാവിലെ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. 

അതോടെ കേന്ദ്രമന്ത്രിസഭയില്‍ ഒരു സ്ഥാനമുണ്ടാകുമെന്ന വാര്‍ത്തകള്‍ക്ക് ചെറിയ പ്രതീക്ഷ ഉണ്ടായി എന്നും പറയാം. എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വി.മുരളീധരന്‍ നിലവില്‍ രാജ്യസഭാംഗമാണ്. 

പാര്‍ട്ടിയിലെ സീനിയോറിറ്റി കണക്കിലെടുത്താണ് അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. മുരളീധരന് പുറമെ ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം ലഭിച്ച കുമ്മനം രാജശേഖരനും തലസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. 

ഇവര്‍ രണ്ട് പേരെ കൂടാതെ രാജ്യസഭാംഗമായ സുരേഷ് ഗോപിയും കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനവുമാണ് പരിഗണനയിലുള്ള മറ്റ് രണ്ട് പേര്‍. 

കേരളത്തില്‍ നിന്നും കേന്ദ്രമന്ത്രിസഭയിലേയ്ക്ക് ആരൊക്കെയെത്തും, എത്രപേര്‍ എത്തുമെന്നൊക്കെ കാത്തിരുന്ന് കാണാം.

Trending News