'കവിതയിലെ വിപ്ലവം' വിടവാങ്ങി;പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു

കവി,എഴുത്തുകാരന്‍,സ്വാതന്ത്ര്യസമര സേനാനി,അധ്യാപകന്‍  എന്നീ നിലകളില്‍  മലയാളികള്‍ക്ക് ഏറെ സുപരിചിതനായ പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു.

Last Updated : Mar 14, 2020, 06:34 PM IST
'കവിതയിലെ വിപ്ലവം' വിടവാങ്ങി;പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം:കവി,എഴുത്തുകാരന്‍,സ്വാതന്ത്ര്യസമര സേനാനി,അധ്യാപകന്‍  എന്നീ നിലകളില്‍  മലയാളികള്‍ക്ക് ഏറെ സുപരിചിതനായ പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു.

അദ്ദേഹത്തിന്‌ 91 വയസ്സായിരുന്നു.കവിതയിലേയും സാഹിത്യത്തിലേയും ഇടതുപക്ഷ ആശയങ്ങളുടെ ശക്തനായ വക്താവായിരുന്നു പുതുശ്ശേരി,കരുത്തുറ്റ ഭാഷ വായനക്കാരുടെ മനസിലേക്ക് ആഴ്ന്നിറങ്ങുന്ന കവിത അങ്ങനെ പുതുശ്ശേരിക്ക് സവിശേഷതകള്‍ നിരവധിയായിരുന്നു.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ വള്ളിക്കുന്നത്ത് 1928 സെപ്റ്റംബര്‍ 23 ന് പോക്കാട്ട് ദാമോധരന്‍ പിള്ളയുടെയും പുതുശേരില്‍ ജാനകിയമ്മയുടെയും മകനായി ജനിച്ച പുതുശ്ശേരി വള്ളിക്കുന്നം സംസ്കൃത സ്കൂളില്‍ വിദ്യാര്‍ഥിആയിരിക്കെ ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭം,പുന്നപ്ര വയലാര്‍ സമരത്തെ തുടര്‍ന്നുള്ള വിദ്യാര്‍ഥി പ്രക്ഷോഭം എന്നിവയില്‍ പങ്കെടുത്തിരുന്നു.ഇതേതുടര്‍ന്ന് അദ്ദേഹത്തെ സ്കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.സ്കൂളില്‍ പിന്നീട് തിരികെ പ്രവേശിക്കുകയും പഠനം തുടരുകയും ചെയ്തു.അതേസ്കൂളില്‍ 1947 ആഗസ്റ്റ്‌ 15 ന് പുതുശ്ശേരി ദേശീയ പതാക ഉയര്‍ത്തിയത്‌ അദ്ദേഹത്തിന്‍റെ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ്.

1948 ല്‍ വിദ്യാര്‍ഥി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച പുതുശ്ശേരി പിന്നീട് വിദ്യാര്‍ഥി ഫെഡറേഷനിലും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലും അംഗമായി,പിന്നീട് അധ്യാപകനായപ്പോഴും ഇടതുപക്ഷ ആശയങ്ങള്‍ മുറുകെ പിടിച്ച പുതുശ്ശേരി തന്‍റെ രചനകളില്‍ കൂടെ ശക്തമായ ആശയ പ്രചാരണമാണ് നടത്തിയത്.ഗ്രാമീണ ഗായകന്‍,ആവുന്നത്ര ഉച്ചത്തില്‍,ശക്തി പൂജ,പുതിയ കൊല്ലനും പുതിയോരാലയും,ഈ വീട്ടില്‍ ആരുമില്ലേ,എന്‍റെ സ്വാതന്ത്ര്യസമര കവിതകള്‍,പുതുശ്ശേരി കവിതകള്‍ എന്നിവ പുതുശ്ശേരിയുടെ ശ്രദ്ധേയമായ രചനകളാണ്,ഏഴുത്തച്ഛന്‍ പുരസ്ക്കാരം,കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്,കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്,വള്ളത്തോള്‍ പുരസ്ക്കാരം,മഹാകവി പി അവാര്‍ഡ്,ഉള്ളൂര്‍ അവാര്‍ഡ്,കണ്ണശ സ്മാരക അവാര്‍ഡ്,കുമാരനാശാന്‍ അവാര്‍ഡ്,അബുദാബി ശക്തി അവാര്‍ഡ് അങ്ങനെ നിരവധി പുരസ്ക്കാരങ്ങള്‍ പുതുശ്ശേരിയെ തേടിയെത്തി.

ആദ്യ കവിതാ സമാഹാരമായ ഗ്രാമീണ ഗായകന്‍ കവിയുടെ ഇരുപതാമത്തെ വയസ്സിലാണ് പുറത്തിറങ്ങിയത്.കവിതയിലെ ഇടത് ചിന്താ ധാരയുടെ വക്താവായ പുതുശ്ശേരി കല്പ്പനികതയോട് മുഖം തിരിച്ച് നില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്.മലയാള സാഹിത്യത്തില്‍ ഇടത് പക്ഷ ചിന്താധാരയുടെ ഒരു അദ്ധ്യായം തന്നെ പുതുശേരിയുടെ വിയോഗത്തോടെ അവസാനിച്ചിരിക്കുകയാണ്.

Trending News