എന്‍റെ കാണാതായ പന്ത് കണ്ടുപിടിച്ചു തരണം... ഒടുവില്‍!

കുറച്ചുനാളുകളായി അതുലും കൂട്ടരും കളിച്ചു കൊണ്ടിരുന്ന പന്തായിരുന്നു ഈ മാസം ഒന്നിന് കാണാതായത്.  

Last Updated : Feb 13, 2020, 01:34 PM IST
എന്‍റെ കാണാതായ പന്ത് കണ്ടുപിടിച്ചു തരണം... ഒടുവില്‍!

തൃശൂര്‍: വെടിയുണ്ടകളും തോക്കുകളും കാണാനില്ല എന്ന വിവാദ വാര്‍ത്തകള്‍ക്കിടയിലും വൈറലാകുന്നത് ഈ ഫോണ്‍ കോളിന്‍റെ കഥയാണ്.

തന്‍റെ ഫുട്ബോള്‍ വീട്ടുമുറ്റത്തു നിന്നും ആരോ മോഷ്ടിച്ച് കൊണ്ടുപോയിയെന്നും അത് കണ്ടെത്തിത്തരണമെന്നും പറഞ്ഞ് അതുല്‍ എന്ന പത്തു വയസ്സുകാരന്‍റെ പരാതിയാണ് വൈറലാകുന്നത്.  

സംഭവം നടന്നത് ഒരാഴ്ച മുന്‍പാണ്‌.  പഴയന്നൂര്‍ സ്റ്റേഷനിലേക്ക് വിളിച്ച 10 വയസ്സുകാരനായ അതുലിന്‍റെ പരാതി ഇങ്ങനെയായിരുന്നു 'ഹലോ പൊലീസ് സ്റ്റേഷനല്ലേ? കോടത്തൂരില്‍ നിന്നും അതുലാണ് വിളിക്കുന്നത്‌.  എന്‍റെ കാണാതായ പന്ത് കണ്ടുപിടിച്ച് തരണം'.

പരാതി കേട്ട പൊലീസ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.  പരാതി വെറും പിള്ളേര് കളിയാണെന്ന് കരുതിയ പോലീസ് ശേഷം കുട്ടിയുടെ അമ്മയുമായും സംസാരിച്ചു. 

കുറച്ചുനാളുകളായി അതുലും കൂട്ടരും കളിച്ചു കൊണ്ടിരുന്ന പന്തായിരുന്നു ഈ മാസം ഒന്നിന് കാണാതായതെന്നും വീടിനടുത്ത് നടന്ന പന്തുകളി മത്സരത്തിനെത്തിയവരാണോതന്‍റെ ഫുട്ബോള്‍ കൈയ്ക്കലാക്കിയതെന്ന് അതുലിന് സംശയം ഉണ്ടായിരുന്നുവെന്നും. അമ്മയോടും അച്ഛനോടും ഫുട്ബോള്‍ കണ്ടെത്തി തരാന്‍ പറഞ്ഞപ്പോള്‍ അവര്‍ വേറെ പന്ത് വാങ്ങിത്തരാമെന്നു പറഞ്ഞെങ്കിലും അതുലിന് സമാധാനമായില്ലയെന്നും.

തുടര്‍ന്ന് ഗൂഗിളില്‍ തപ്പി പൊലീസ് സ്റ്റേഷന്‍റെ നമ്പര്‍ കണ്ടെത്തി അതുല്‍ വിളിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പൊലീസും പുതിയ പന്തു വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് അതുലിനെ സമ്മതിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അതുല്‍ സമ്മതിച്ചില്ല. 

ഒടുവില്‍ പൊലീസ് അതുലിന്‍റെ പരാതിയിന്മേല്‍ അന്വേഷണം ആരംഭിക്കുകയും പന്തുപോയ വഴിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പന്തുമായി ഒരു സംഘം  വെള്ളംകുടിക്കാന്‍ വേണ്ടി ഒരു വീട്ടില്‍ കയറിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. 

തുടര്‍ന്ന്‍ നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഫുട്ബോള്‍ കണ്ടെത്തുകയും അതുലിനെ ഏല്‍പ്പിക്കുകയും ചെയ്തു. തിരുവില്വാമല പുനര്‍ജനി ഗാര്‍ഡന്‍സിലെ ക്രിസ്റ്റ് ന്യൂ ലൈഫ് സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അതുല്‍.

എഎസ്ഐ കെ.പ്രദീപ്‌ കുമാര്‍, സിപിഒമാരായ ബിസ്മിത, അനീഷ്‌ എന്നിവരാണ് കേസ് അന്വേഷണവുമായി രംഗത്തിറങ്ങിയത്. 

Trending News