ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത് പൊലീസിന്റെ അറിവോടെ

യുവതികള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.   

Last Updated : Jan 25, 2019, 01:24 PM IST
ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത് പൊലീസിന്റെ അറിവോടെ

കൊച്ചി: ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത് പൊലീസിന്റെ അറിവോടെയെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം. യുവതികള്‍ക്ക് അകമ്പടി പോയത് മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പത്തനംതിട്ട എസ്.പി നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. 

യുവതികള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് സത്യവാങ്മൂലം നല്‍കിയത്.

ജീവനക്കാര്‍ക്കും വിഐപികള്‍ക്കും പ്രവേശിക്കാനുള്ള വാതിലിലൂടെ രണ്ട് യുവതികള്‍ക്ക് എങ്ങനെ പ്രവേശിക്കാന്‍ കഴിഞ്ഞുവെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ആരാഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് സത്യവാങ്മൂലത്തില്‍ നല്‍കിയിട്ടുള്ളത്.

യുവതികളുടെ ആവശ്യം പരിഗണിച്ചാണ്‌സംരക്ഷണം ഒരുക്കിയത്. പമ്പയില്‍ നിന്ന് നാല് പൊലീസ് ഉദ്യോഗസ്ഥര്‍ അകമ്പടിപോയി. പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ജീവനക്കാര്‍ക്കുള്ള വാതിലിലൂടെ യുവതികളെ കടത്തിവിട്ടത്. 

ഇവര്‍ക്ക് സുഗമമായി ദര്‍ശനം നടത്താന്‍ കഴിഞ്ഞു. പ്രശ്‌നങ്ങളൊന്നും ഇതേത്തുടര്‍ന്ന് ഉണ്ടായില്ല. പ്രശ്‌നങ്ങളുണ്ടാക്കിയത് ചില സംഘടനകളാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജനുവരി രണ്ടിന് പുലര്‍ച്ചെയാണ് ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. എന്നാല്‍, യുവതികള്‍ക്ക് സംരക്ഷണം നല്‍കിയതിന്റെ വിശദാംശങ്ങളൊന്നും പൊലീസ് ഇതുവരെ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.

Trending News