പൊള്ളലേറ്റ പെണ്‍കുട്ടിയെ 'കൊന്നവര്‍'ക്കെതിരെ നടപടിയെന്ന് പൊലീസ്!!

വാര്‍ത്തകള്‍ പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷിച്ച് വരികയാണ്. 

Updated: Mar 14, 2019, 04:50 PM IST
പൊള്ളലേറ്റ പെണ്‍കുട്ടിയെ 'കൊന്നവര്‍'ക്കെതിരെ നടപടിയെന്ന് പൊലീസ്!!

തിരുവല്ല: പ്രാണയാഭ്യര്‍ത്ഥന നിരസിച്ച  യുവതിയെ, യുവാവ്  തീകൊളുത്തിയ സംഭവത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്.

തിരുവല്ലയിൽ യുവാവ് തീകൊളുത്തിയ പെൺകുട്ടി മരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.  ഇതോടെ പെണ്‍കുട്ടി ചികിത്സയിലുള്ള ആശുപത്രിയിലേക്ക്  നിരവധി ഫോണ്‍ കോളുകള്‍ വരികയും, പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. 

നിയമോപദേശം തേടിയ അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സി.ഐ പി.ആര്‍ സന്തോഷ്‌ ഇതിന്‍റെ കേസെടുത്ത് തുടര്‍ നടപടികളിലേക്ക് നീങ്ങാന്‍ ഒരുങ്ങുകയാണ്. 

വാര്‍ത്തകള്‍ പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷിച്ച് വരികയാണ്. പൊള്ളലേറ്റ റേഡിയോളജി വിദ്യാർഥിനി റാന്നി അയിരൂർ സ്വദേശിനി, കവിത വിജയകുമാര്‍ എറണാകുളം മെഡിക്കൽ സെന്‍ററിൽ ചികിത്സയിലാണ്. 

ഇപ്പോഴും വെന്‍റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അരയ്ക്കു മുകളിലുള്ള ഭാഗത്താണ് പൊള്ളലിന്‍റെ 90% സംഭവിച്ചിരിക്കുന്നത്. തിരുവല്ലയിലെ ചിലങ്ക ജംഗ്ഷനിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

റോഡിൽ നിന്നു സംസാരിക്കുന്നതിനിടെയാണ് യുവാവ് യുവതിയെ ആക്രമിച്ചത്.വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസിൽ സഹപാഠികളായിരുന്ന ഇരുവരും. അന്നു മുതലേ പ്രണയത്തിലായിരുന്നുവെന്നാണ് പ്രതിയായ അജിൻ റെജി മാത്യുവിന്‍റെ മൊഴി.

അതിൽനിന്നു പെൺകുട്ടി പിന്മാറിയെന്ന നിഗമനമാണ് ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നും പെൺകുട്ടിയെ വകവരുത്തിയശേഷം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാണ് പ്രതി വന്നതെന്നുമാണ് പൊലീസ് നിഗമനം.