close

News WrapGet Handpicked Stories from our editors directly to your mailbox

സൗമ്യയുടെ കൊലപാതകത്തിന് പിന്നില്‍ അജാസിന്‍റെ വ്യക്തി വൈരാഗ്യമോ?

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സൗമ്യയെ അജാസ് വടിവാള്‍ കൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.  

Updated: Jun 16, 2019, 12:52 PM IST
സൗമ്യയുടെ കൊലപാതകത്തിന് പിന്നില്‍ അജാസിന്‍റെ വ്യക്തി വൈരാഗ്യമോ?

മാവേലിക്കര: മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥ സൗമ്യയെ നടുറോഡില്‍ പെട്രോളൊഴിച്ച് ചുട്ടുകൊന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. 

സൗമ്യയുടെ പോസ്റ്റ്ര്‍ മോര്‍ട്ടം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഇന്ന് നടക്കും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം സൗമ്യയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊലപാതകം നടത്തിയ ആലുവ ട്രാഫിക്‌ പൊലീസിലെ അജാസും സൗമ്യയും തമ്മില്‍ നല്ല പരിചയമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ ഉച്ചതിരിഞ്ഞാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഡ്യൂട്ടി കഴിഞ്ഞ് ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന സിവിൽ പൊലീസുദ്യോഗസ്ഥയായ സൗമ്യയെ പൊലീസുദ്യോഗസ്ഥനായ അജാസ് കാറിടിച്ചുവീഴ്ത്തിയശേഷം കത്തികൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സൗമ്യയെ അജാസ് വടിവാള്‍ കൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. വെട്ടേറ്റ് വീണ സൗമ്യയുടെ ദേഹത്തേയ്ക്ക് കുപ്പിയിലുണ്ടായിരുന്ന പെട്രോള്‍ ഒഴിച്ചു കത്തിച്ചു. മാവേലിക്കരയിലെ സ്വന്തം വീടിന് സമീപത്ത് വച്ചാണ് സൗമ്യയെ അജാസ് അതിക്രൂരമായി കൊലപ്പെടുത്തിയത്. പ്രാണരക്ഷാർത്ഥം ഓടിയ സൗമ്യ അജാസിനെ കെട്ടിപ്പിടിച്ചു. ഇതോടെ കൊലയാളിക്കും പൊള്ളലേറ്റു.

ബഹളം കേട്ട് നാട്ടുകാര്‍ എത്തും മുമ്പെ പ്രതി തീകൊളുത്തിയിരുന്നു. ആളിപ്പടര്‍ന്ന തീയില്‍ അജാസിന്‍റെ ദേഹത്തും സാരമായി പൊള്ളലേറ്റു. കൊല്ലാന്‍ തന്നെയാണ് പ്രതി എത്തിയതെന്ന് പൊലീസ് പറയുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിലേല്‍പ്പിച്ചത്. സൗമ്യ വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ്.

ചെങ്ങന്നൂർ ഡിവൈഎഎസ്‍പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. പൊലീസിന്‍റെ പ്രാഥമിക നിഗമനമനുസരിച്ച് വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പറയുന്നത്.

കൊച്ചിയില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ സൗമ്യയും അജാസും തമ്മില്‍ അടുപ്പത്തിലായിരുവെന്നും ആ ബന്ധത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും ഇതാണ് സൗമ്യയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.

പൊള്ളലേറ്റ് ചികിത്സയിലുള്ള പ്രതി അജാസിന്‍റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം പൊലീസ് വിശദമായി ചോദ്യംചെയ്യും. വള്ളികുന്നത്തെ സൗമ്യയുടെ ബന്ധുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പൊലീസ് സംഘം മൊഴിയെടുക്കുന്നുണ്ട്. 

ആലുവ ട്രാഫിക് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന അജാസ് മൂന്ന് വർഷം മുമ്പാണ് സൗമ്യയെ പരിചയപ്പെടുന്നത്. തൃശൂരിലെ കെഎപി ബറ്റാലിയനിൽ വച്ച് അജാസ് സൗമ്യയ്ക്ക് ട്രെയിനിംഗ് നൽകിയിരുന്നു. പിന്നീട് ഇരുവരും വഴക്കിടുകയും വ്യക്തിവൈരാഗ്യമായി മാറുകയും ചെയ്തു. ഇതാണ് കൊലപാതകത്തിനു കാരണമായത്.

15 ദിവസമായി മെഡിക്കല്‍ ലീവിലായിരുന്ന അജാസ് സൗമ്യയെ കൊല്ലണമെന്ന ഉറച്ച തീരുമാനത്തില്‍ തന്നെയാണ് അവരെ പിന്തുടര്‍ന്നിരുന്നതെന്ന് പൊലീസ് പറയുന്നു. കാറിൽ വടിവാളും പെട്രോളും കരുതിയത് ആസൂത്രിത കൊലപാതത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.