ശാന്തന്‍പാറ കൊല: പ്രതികളുടെ നില ഗുരുതര൦, ജോവാനയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി!!

കൊച്ചിക്കെന്ന് പറഞ്ഞ് പോയ ഭർത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. 

Sneha Aniyan | Updated: Nov 10, 2019, 04:35 PM IST
ശാന്തന്‍പാറ കൊല: പ്രതികളുടെ നില ഗുരുതര൦, ജോവാനയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി!!

ഇടുക്കി: ഇടുക്കി ശാന്തൻപാറ റിജോഷ് കൊലക്കേസിലെ മുഖ്യപ്രതികളായ നസീമിന്റെയും ലിജിയുടെയും നില ഗുരുതരമായി തുടരുന്നു. 

ശനിയാഴ്ചയാണ് മുംബൈ പന്‍വേലിലെ ഒരു ഹോട്ടലില്‍ ഹോട്ടലില്‍ വിഷം കഴിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. മുംബൈ ജെ.ജെ ആശുപത്രിയിലാണ് വസീമും ലിജിയുമുള്ളത്.

റിജോഷിനെ കൊലപ്പെടുത്തിയ ശേഷം റിജോഷ്-ലിജി ദമ്പതികളുടെ ഏക മകളെയും കൂട്ടി ഇരുവരും മുംബൈയിലെത്തുകയായിരുന്നു. 

ഇവിടെ വച്ചാണ് രണ്ടര വയസുള്ള മകള്‍ ജോവാനയെ കൊലപ്പെടുത്തിയ ശേഷ൦ ഇവർ വിഷം കഴിച്ചത്.

മുറിയെടുത്ത് മണിക്കൂറുകളായിട്ടും മുറിയില്‍ നിന്ന് പുറത്ത് വരാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൂവരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. 

അതേസമയം, കൊല്ലപ്പെട്ട റിജോഷിന്‍റെയും പ്രതി ലിജിയുടെയും മകളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. 

മരണം വിഷം ഉള്ളില്‍ ചെന്നെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. കുഞ്ഞിന്‍റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകണമെന്നാണ് മുംബൈയിലെത്തിയ റിജോഷിന്‍റെ സഹോദരങ്ങള്‍  ആവശ്യപ്പെടുന്നത്. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് ലിജിയുടെ ഭര്‍ത്താവ് റിജോഷിന്‍റെ മൃതദേഹം ശാന്തന്‍പാറയിലെ റിസോര്‍ട്ടിലെ പറമ്പില്‍ ചാക്കില്‍കെട്ടി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.

കൊച്ചിക്കെന്ന് പറഞ്ഞ് പോയ ഭർത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. 

എന്നാൽ നവംബ‍ർ നാലിന് ലിജിയേയും ഇവർ ജോലി ചെയ്യുന്ന സ്വകാര്യ റിസോർട്ടിലെ മാനേജരായ വസീമിനേയും കാണാതായതോടെ ബന്ധുക്കൾക്ക് സംശയമായി. 

ഇവരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് റിജോഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തുടർന്നുള്ള അന്വേഷണത്തിനിടെ വസീമിന്‍റെ കുറ്റസമ്മത വീഡിയോ സന്ദേശം പൊലീസിന് ലഭിച്ചിരുന്നു. കൃത്യം നടത്തിയത് താനാണെന്നും മറ്റാര്‍ക്കും ഇതിൽ പങ്കില്ലെന്നുമായിരുന്നു സന്ദേശം. എന്നാൽ എവിടെയാണുള്ളതെന്ന് വസീം വെളിപ്പെടുത്തിയിരുന്നില്ല. 

മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന് ബോധ്യമായതോടെ മകൾക്ക് വിഷം നൽകിയ ശേഷം ലിജിയും വസീമും വിഷം കഴിച്ചിരിക്കാമെന്നാണ് പൊലീസിന്‍റെ നിഗമനം.