close

News WrapGet Handpicked Stories from our editors directly to your mailbox

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി

രണ്ടാഴ്ചയുടെ ഇടവേളയിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്.   

Updated: Jan 27, 2019, 02:34 PM IST
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി

കൊച്ചി:പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. കൊച്ചി നാവിക വിമാനത്താവളത്തിൽ എത്തിയ മോദി രാജഗിരിക്ക് തിരിച്ചു. മധുരൈയിൽ നിന്നാണ് മോദിയുടെ വിമാനം കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തിയത്. 

സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് എത്താനായില്ല. കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന നാവികസേനയുടെ വിമാനത്തിന് യന്ത്രത്തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ടേക്ക് ഓഫ് ചെയ്യാനായില്ല. ഇതോടെ മുഖ്യമന്ത്രിയുടെ കൊച്ചിയിലേക്കുള്ള യാത്ര മുടങ്ങുകയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി കണ്ണൂരില്‍നിന്ന് പുറപ്പെട്ടു. 2.40 ഓടെ മുഖ്യമന്ത്രി കൊച്ചിയിലെത്തും. 

രണ്ടാഴ്ചയുടെ ഇടവേളയിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. ആദ്യം പ്രധാനമന്ത്രി കൊച്ചിൻ റിഫൈനറിയിലെ പരിപാടിയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30ന് കൊച്ചിന്‍ റിഫൈനറി വികസന പദ്ധതി ഉദ്ഘാടനം ചെയ്യും. ഇതടക്കം മൂന്ന് ഉദ്ഘാടനചടങ്ങുകളാണ് പ്രധാനമന്ത്രിക്കായി ക്രമീകരിച്ചിട്ടുള്ളത്. 

വൈകീട്ട് മൂന്നരയോടെ തൃശ്ശൂരിലേക്ക് പോകുന്ന പ്രധാനമന്ത്രി തേക്കിൻകാട് മൈതാനത്തെ യുവമോർച്ച പരിപാടിയിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിലെ പാർട്ടി പരിപാടി എന്ന നിലയിലാണ് ഈ ചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്.

വൈകിട്ട് ആറുമണിയോടെ തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി ഡല്‍ഹിക്ക് തിരിക്കും. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. 

പ്രധാനമന്ത്രി അടക്കമുള്ള ദേശീയനേതാക്കളുടെ സന്ദർശനത്തിലൂടെ ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ലഭിച്ച മേധാവിത്വം ശക്തമായി നിലനിർത്താനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ തുടർച്ചയായ സന്ദർശനം എന്നാണ് റിപ്പോര്‍ട്ട്.