കേരളത്തിലെ രാജ്യസഭാ സീറ്റ്: പ്രശ്നങ്ങള്‍ ഗുരുതരമാകുന്നെന്ന് കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്

രാഹുലിന് പരാതി നൽകാനുള്ള കുര്യന്‍റെ തീരുമാനം ഉചിതമാണെന്നും അതിനുശേഷം കാര്യങ്ങള്‍ കുര്യന് മനസ്സിലാകുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.  

Last Updated : Jun 10, 2018, 02:37 PM IST
കേരളത്തിലെ രാജ്യസഭാ സീറ്റ്: പ്രശ്നങ്ങള്‍ ഗുരുതരമാകുന്നെന്ന് കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കേരളത്തിലെ രാജ്യസഭാ സീറ്റ് സംമ്പന്ധിച്ച പ്രശ്നങ്ങള്‍ ഗുരുതരമാകുന്നെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. കേരളത്തിലെ നേതൃമാറ്റം വൈകില്ലെന്നും ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്നും. രണ്ടു ദിവസം കൂടി നിരീക്ഷിച്ച ശേഷം ഇടപെടൽ വേണോയെന്ന് ആലോചിക്കുമെന്നും എഐസിസി വൃത്തങ്ങൾ.  

മുന്‍ രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പി.ജെ.കുര്യനെ ഒഴിവാക്കാനായി ഉമ്മന്‍ ചാണ്ടി, രാജ്യസഭാ സീറ്റ് ഇല്ലെങ്കിൽ മാണി യുഡിഎഫിലേക്ക് വരില്ലെന്നും ലീഗ് കടുത്ത നിലപാട് എടുക്കുമെന്നും ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയും എംഎം ഹസനും രമേശ് ചെന്നിത്തലയും ചേര്‍ന്ന് നടത്തിയ നാടക പ്രകാരമാണ് ഒഴിവ് വന്ന കോണ്‍ഗ്രസിന്‍റെ രാജ്യ സഭാസീറ്റ് കേരളാ കോണ്‍ഗ്രസിന് കോടുക്കേണ്ടിവന്നതെന്നും പ്രചരിച്ചിരുന്നു. ഇത് കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പ് പോര് ശക്തമാക്കി. കോണ്‍ഗ്രസിന്‍റെ യുവ തുര്‍ക്കികള്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞു. 

ഗ്രൂപ്പ് പോരിന്‍റെ ഇരയാണ് താനെന്നും തന്നെ ഉമ്മന്‍ ചാണ്ടി വേണ്ടയാടുകയാണെന്നും പി.ജെ.കുര്യന്‍ തുറന്നടിച്ചു. ഉമ്മന്‍ ചാണ്ടിയും എംഎം ഹസനും രമേശ് ചെന്നിത്തലയുമടങ്ങുന്ന സംഘം തിരുമിനിച്ചതിന് ശേഷമാണ് തന്നോട് കൂടിയാലോചിച്ചതെന്നും നേരത്തേ അത് സംബന്ധിച്ച് തന്നോട് ചര്‍ച്ച ചെയ്തില്ലെന്ന പരാതിയുമായി എ.കെ.ആന്‍റണിയും രംഗത്തെത്തിയത് ഹെക്കമാന്‍റിനുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കി. മൂവരുടെയും തീരുമാനം നടപ്പിലാക്കാന്‍ താന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്ന് ആന്‍റണി തുറന്നടിച്ചു. 

ഇത്ര വലിയ പൊട്ടിത്തെറി സംസ്ഥാന കോൺഗ്രസിൽ ആന്‍റണിയും പ്രതീഷിച്ചില്ല. കേരളത്തിന്‍റെ ചുമതലയുള്ള മുകുൾ വാസ്നിക്കിനെതിരെയും സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾ പരാതി ഉന്നയിച്ചു. ഗ്രൂപ്പ് നേതാക്കളുടെ ഏജന്‍റായ വാസ്നിക്ക് പ്രവർത്തിക്കുന്നു എന്നാണ് പരാതി. ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിക്കാനാണ് നീക്കം. സംസ്ഥാന കോൺഗ്രസിൽ പരസ്യമായി തുടരുന്ന രോഷം കെപിസിസി രാഷ്ട്രീയകാര്യസമിതിയിലും അണപൊട്ടും.

ഗ്രൂപ്പ് ഭേദമില്ലാതെ നേതാക്കൾക്കെല്ലാം പരാതിയുണ്ട്. അതേസമയം, ഉമ്മൻചാണ്ടിയെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കത്തെ എ ഗ്രൂപ്പ് പ്രതിരോധിക്കും. ആന്ധ്രാപ്രദേശിലേക്ക് പോകേണ്ടതിനാൽ രാഷ്ട്രീയകാര്യസമിതിയിൽ ഉമ്മൻചാണ്ടി പങ്കെടുത്തേക്കില്ല. എന്നാല്‍ തനിക്ക് പറയാനുള്ള പരാതി ബോധിപ്പിക്കാന്‍ നാളെ ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കുമെന്ന് പി.ജെ.കുര്യന്‍ പറഞ്ഞു. 

രാഹുലിന് പരാതി നൽകാനുള്ള കുര്യന്‍റെ തീരുമാനം ഉചിതമാണെന്നും അതിനുശേഷം കാര്യങ്ങള്‍ കുര്യന് മനസ്സിലാകുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ആരോപണത്തിന് യുവ എംഎൽഎമാര്‍ മറുപടി നൽകട്ടേയെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചനാവാദത്തിന് ഹസ്സനും ചെന്നിത്തലയും മറുപടി നൽകണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇതിനിടെ കെ എം മാണിക്കെതിരെ തുറന്നടിച്ച് വി എം സുധീരന് രംഗത്തെത്തി‍. സമദൂരമെന്ന് നിലപാട് എടുത്ത മാണി ബിജെപിയിലേക്ക് പോകില്ല എന്നുള്ളതിന് എന്ത് ഉറപ്പാണ് ഉള്ളതെന്നും യുപിഎയ്ക്കാണ് സീറ്റ് നഷ്ടമാകുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. മാണി തന്നെ രാഷ്ട്രീയം ഉപദേശിക്കേണ്ട, സ്വയം ഉപദേശിക്കണം, നിലപാടുകൾ പരിശോധിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. മാത്രമല്ല, ബിജെപിക്കൊപ്പം കൂടില്ലെന്ന് മാണി ഉറപ്പ് നല്‍കണമെന്നും മാണി തുടരുന്നത് ചാഞ്ചാട്ട രാഷ്ട്രീയമാണെന്നും സുധീരന്‍ ആരോപിച്ചിരുന്നു.  

നേതാക്കള്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ആരംഭിച്ചത് കേരളത്തില്‍ കോണ്‍ഗ്രസ് സംഘടനയ്ക്കകത്ത് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഹൈക്കമാന്‍ഡ് കരുതുന്നു. ബിജെപി, സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചതും ഹൈക്കമാഡിനെ ആശങ്കയിലാക്കുന്നു.

Trending News