അക്രമത്തെ അതിജീവിച്ച നടിയ്ക്ക് നീതി ആവശ്യപ്പെട്ട് മാനവീയം വീഥിയില്‍ കൂട്ടായ്മ

അക്രമത്തെ അതിജീവിച്ച നടിയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമ സിനിമാ രംഗത്തെ സ്ത്രീകൾ തിരുവനന്തപുരത്ത് ഒത്തു ചേരുന്നു. നാളെ വൈകീട്ട് നാലരയ്ക്ക് മാനവീയം വീഥിയിലാണ് പൊതുയോഗം നടക്കുക. 

Last Updated : Sep 15, 2017, 01:40 PM IST
അക്രമത്തെ അതിജീവിച്ച നടിയ്ക്ക് നീതി ആവശ്യപ്പെട്ട് മാനവീയം വീഥിയില്‍ കൂട്ടായ്മ

തിരുവനന്തപുരം: അക്രമത്തെ അതിജീവിച്ച നടിയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമ സിനിമാ രംഗത്തെ സ്ത്രീകൾ തിരുവനന്തപുരത്ത് ഒത്തു ചേരുന്നു. നാളെ വൈകീട്ട് നാലരയ്ക്ക് മാനവീയം വീഥിയിലാണ് പൊതുയോഗം നടക്കുക. 

'ഞങ്ങൾക്കും പറയാനുണ്ട് , അവൾക്കൊപ്പം' എന്ന പേരിൽ  നടക്കുന്ന പൊതുയോഗം മുതിര്‍ന്ന സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സുഗതകുമാരി, വി എം സുധീരൻ, പന്ന്യൻ രവീന്ദ്രൻ, സി.എസ് സുജാത, ജെ.ദേവിക, വിധു വിൻസെന്റ്, ഗീതാ നസീർ, കെ എ ബീന തുടങ്ങിയവർ പങ്കെടുക്കും.

നെറ്റ് വർക്ക്‌ ഓഫ് വിമൻ ഇൻ മീഡിയ, സ്ത്രീകൂട്ടായ്മ, വിമൻ ഇൻ സിനിമ കളക്റ്റീവ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് ഒപ്പുശേഖരണവും പരിപാടിയുടെ ഭാഗമായി നടക്കും. 

നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിന് ജാമ്യം ലഭിക്കുന്നത് നീളുന്ന സാഹചര്യത്തില്‍, താരത്തിന് അനുകൂലമായി സഹതാപതരംഗം സൃഷ്ടിക്കുവാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നതായി ആരോപണങ്ങളുണ്ട്. ദിലീപിനെ കാണാന്‍ ജയിലിലേക്ക് സഹപ്രവര്‍ത്തകരും  ചലച്ചിത്ര താരങ്ങളും എത്തുകയും പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. 

മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ ദിലീപിനെ പിന്തുണച്ച് ലേഖനം എഴുതിയതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന്, സംസ്ഥാന പുരസ്കാരദാന ചടങ്ങിന്‍റെ വേദിയില്‍ അക്രമത്തെ അതിജീവിച്ച നടിയുടെ സുഹൃത്തുക്കള്‍ 'അവള്‍ക്കൊപ്പം' എന്ന ക്യാമ്പയിന് തുടക്കം കുറിച്ചു. ഇതിന്‍റെ ഭാഗമായി, എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫിന്‍റെ നേതൃത്വത്തില്‍ ഒരു സംഘം സ്ത്രീകള്‍ നടിയുടെ വീട്ടിലെത്തി പിന്തുണ അറിയിക്കുകയും അവരോടൊപ്പം സമയം ചെലവിടുകയും ചെയ്തിരുന്നു.

Trending News