close

News WrapGet Handpicked Stories from our editors directly to your mailbox

ശുദ്ധിക്രിയകള്‍ക്ക് ശേഷം ശബരിമല നട തുറന്നു; ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി

ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശുദ്ധിക്രിയയ്ക്കുവേണ്ടി അടച്ച നട പൂജകള്‍ക്ക്ശേഷം തുറന്നു. 

Updated: Jan 2, 2019, 12:04 PM IST
ശുദ്ധിക്രിയകള്‍ക്ക് ശേഷം ശബരിമല നട തുറന്നു; ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി

സന്നിധാനം: ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശുദ്ധിക്രിയയ്ക്കുവേണ്ടി അടച്ച നട പൂജകള്‍ക്ക്ശേഷം തുറന്നു. 

തന്ത്രി കണ്‌ഠരര് രാജീവരരുടെ നേതൃത്വത്തിലാണ് ശുദ്ധിക്രിയകള്‍ പൂര്‍ത്തിയാക്കിയത്. പഞ്ച പുണ്യാഹം, ബിംബ ശുദ്ധിക്രിയ, പ്രസാദശുദ്ധി, പ്രായശ്ചിത്തഹോമം, കലശം, വിളിച്ചു ചൊല്ലി പ്രായശ്ചിത്തം എന്നിവയ്ക്ക് ശേഷമാണ് നട തുറന്നത്.

ഏകദേശം ഒരു മണിക്കൂര്‍ നീണ്ട ശുദ്ധിക്രിയകള്‍ പൂർത്തിയായതിനു ശേഷമാണ് വീണ്ടും നട തുറന്നത്. തുടര്‍ന്ന് സന്നിധാനത്തേയ്ക്ക് വീണ്ടും ഭക്തരെ കയറ്റിവിട്ടുതുടങ്ങി. 

ശബരിമല സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചതിനെതുടര്‍ന്ന് ആചാരലംഘനം നടന്നതിനാലാണ് ശുദ്ധികലശത്തിനുള്ള നടപടികള്‍ക്കായി പത്തരയ്ക്ക് നട അടച്ചത്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് നട അടച്ചിടാന്‍ തന്ത്രി തീരുമാനിച്ചത്. മേല്‍ശാന്തിമാരും തന്ത്രിമാരും കൂടിയാലോചനകള്‍ക്കുശേഷമാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് ഭക്തരെ തിരുമുറ്റത്ത് നിന്നും മാറ്റുകയും നെയ്യഭിഷേകം നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പുലര്‍ച്ചെ മൂന്നുമണിക്ക് ഇരുവരും സന്നിധാനത്തെത്തിയെന്നും 3:45ന് പൊലീസിന്‍റെ സംരക്ഷണയില്‍ ദര്‍ശനം നടത്തിയെന്നും ബിന്ദുവും കനക ദുര്‍ഗ്ഗയും മാധ്യമങ്ങളോട് പറയുകയുണ്ടായി. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നട തുറക്കുന്നത്. യുവതികള്‍ മലകയറിയത് പൊലീസ് സ്ഥിരീകരിച്ചു.