രാഹുല്‍ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.  

Updated: Dec 21, 2018, 02:43 PM IST
രാഹുല്‍ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടു മാസം പമ്പയില്‍ പ്രവേശിക്കരുത്, പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശനമായ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് വീണ്ടും രാഹുലിനെ അറസ്റ്റ് ചെയ്തത്. ഇതിനെതിരെ രാഹുല്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടി പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം റാന്നി ഗ്രാമ ന്യായാധികാരി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റിലായത്. ഹിന്ദുമഹാസഭയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പാലക്കാട് റെസ്റ്റ്ഹൗസില്‍ നിന്നായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തത്. 

മാസപൂജയ്ക്കു ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീകളെ പമ്പയില്‍ വിശ്വാസികള്‍ തടഞ്ഞതിനിടെ പൊലീസിന്‍റെ ജോലി തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ രാഹുലിന് അനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കിയതോടെയായിരുന്നു അറസ്റ്റ്.

രണ്ടു മാസം എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയോടെയാണു രാഹുലിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നത്. പമ്പ പൊലീസില്‍ ഒപ്പിടാനെത്തിയ രാഹുലിനെ മൂന്നു തവണ നിലയ്ക്കല്‍ പൊലീസ് തടഞ്ഞിരുന്നു. പിന്നീടു പൊലീസിന്‍റെ നിര്‍ദേശ പ്രകാരം പത്തനംതിട്ടയിലാണ് ഒപ്പിട്ടിരുന്നത്. ഡിസംബര്‍ 8 ശനിയാഴ്ച ഒപ്പിട്ടിരുന്നില്ല. ഇതാണു ജാമ്യം റദ്ദാക്കാനിടയാക്കിയത്.

കൊട്ടാരക്കര സബ് ജയിലിലാണ് രാഹുല്‍ ഇപ്പോഴുള്ളത്. ഒരു തവണ മാത്രം ഒപ്പിടാന്‍ സാധിക്കാതിരുന്നതിനാലാണു തന്നെ അറസ്റ്റു ചെയ്തത് എന്നു ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.