ന്യൂഡല്‍ഹി: വയനാട്ടിലെ കര്‍ഷക ആത്മഹത്യയും കേരളത്തിലെ കര്‍ഷകര്‍ക്ക് മോറട്ടോറിയം കാലാവധി നീട്ടി നല്‍കാത്തതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വയനാട് എംപിയായ രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ഉന്നയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാത്തത് കൊണ്ട് വയനാട്ടില്‍ മാത്രം എട്ടായിരത്തോളം കര്‍ഷകര്‍ക്കാണ് ബാങ്കുകള്‍ നോട്ടീസ് നല്‍കിയിരിക്കുന്നതെന്നും കടബാധ്യതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തുവെന്നും ബാങ്കുകള്‍ അവരുടെ വസ്തുവകകള്‍ ജപ്തി ചെയ്യുകയാണെന്നും ഇതുകൊണ്ടാണ് കര്‍ഷക ആത്മഹത്യ കൂടുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.   


കേരളത്തിലെ കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടി നല്‍കാത്ത റിസര്‍വ് ബാങ്ക് നടപടിയും രാഹുല്‍ സഭയില്‍ ഉന്നയിച്ചു.  


മാത്രമല്ല കാര്‍ഷിക വായ്പയുടെ മൊറട്ടോറിയം കാലാവധി നീട്ടിനല്‍കാന്‍ കേന്ദ്രം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടണമെന്നും, ബാങ്കുകള്‍ ജപ്തി നോട്ടീസ് നല്‍കാതെ കര്‍ഷകരെ ഭീഷണിപ്പെടുത്തില്ലെന്ന് കേന്ദ്രം ഉറപ്പുവരുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.


ഈ ബജറ്റില്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നും തന്നെയില്ലെന്നും കര്‍ഷകരുടെ കാര്യം ദുരിതമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.