തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, എറണാകുളം, കോട്ടയം, ഇടുക്കി, കാസർകോട്, തൃശൂർ, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ നടക്കും. പരീക്ഷകളിൽ മാറ്റമുണ്ടാകില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
അതേസമയം കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് മിക്കയിടത്തും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ശക്തമായ മഴയും കാറ്റും മൂലമുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാളെ ഒഴുക്കിൽപെട്ട് കാണാതായിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരം കടപുഴകി വീണും മറ്റും നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്തെങ്ങും കനത്ത ജാഗ്രതയാണ്. എല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. റെയിൽവേ ട്രാക്കുകളിൽ മരം കടപുഴകി വീണ് ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.
ഇടുക്കി ജില്ലയിലെ മലയോര മേഖലയിലേക്കുള്ള രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെയാണ് യാത്രാ നിരോധനം. ജില്ലയിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ജില്ലാ ഭരണകൂടം നിരോധിച്ചു. ഇന്നും നാളെയുമാണ് രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
കുമളിയിൽ നിർത്തിയിട്ടിരുന്ന ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചങ്ങനാശേരി സ്വദേശി ശ്രീജിത്ത് മനോജാണ് മരിച്ചത്. അതിർത്തിയിലെ തമിഴ്നാട് ബസ് സ്റ്റാൻഡിൽ ആണ് സംഭവം. ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്ന ശ്രീജിത്തിനെ ഫയർഫോഴ്സ് സംഘം എത്തി മരം മുറിച്ചു മാറ്റിയാണ് പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ലോറിയിലുണ്ടായിരുന്ന മറ്റൊരാൾക്ക് കൂടി അപകടത്തിൽ പരിക്കേറ്റു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









