രാജ്കുമാറിന്‍റെ കസ്റ്റഡി മരണം: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായി ആരോപണം

സംഭവത്തില്‍ ഇന്റലിജന്‍സ് വിഭാഗവും ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.  

Last Updated : Jul 9, 2019, 11:48 AM IST
രാജ്കുമാറിന്‍റെ കസ്റ്റഡി മരണം: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായി ആരോപണം

കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസില്‍ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായി ആരോപണം.

കേസ് അന്വേഷിക്കുന്ന ഏഴംഗ ക്രൈംബ്രാഞ്ച് സംഘത്തിന്‍റെയും നടപടി നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ ചോര്‍ത്തുന്നതായാണ് ആരോപണം.  

ഇടുക്കി മുന്‍ എസ്‌പിയുടെ നിര്‍ദ്ദേശ പ്രകാരം സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥന്‍ വിശദാംശങ്ങള്‍ ചോര്‍ത്തുന്നതായാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ ഇന്റലിജന്‍സ് വിഭാഗവും ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആരെയൊക്കെയാണ് വിളിക്കുന്നതെന്നും അവരുടെ സംഭാഷണത്തിലെ വിവരങ്ങളുമാണ് പ്രധാനമായും ചോര്‍ത്തിയതെന്നാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ അറിയുന്നതിനാണോ ഫോണ്‍ ചോര്‍ത്തിയതെന്ന സംശയമാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്നത്.  

മാത്രമല്ല നടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥരും ഫോണ്‍ ചോര്‍ത്തല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതോടെ ഇത് ആര്‍ക്ക് വേണ്ടി എന്തിനു വേണ്ടിയെന്ന സംശയങ്ങളും ശക്തമാകുന്നുണ്ട്. എന്തായാലും സൈബര്‍ സെല്‍ അറിയാതെ ഇത്തരമൊരു നീക്കം നടക്കില്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാന ഇന്റലിജന്‍സ്. 

പൊലീസുകാര്‍ തന്നെ പ്രതികൂട്ടിലായ കസ്റ്റഡി കൊലപാതക കേസില്‍ അന്വേഷണ വിവരം പരസ്പരം പങ്കുവയ്ക്കാന്‍ പോലും കഴിയാത്ത ഗതികേടിലാണ് ക്രൈംബ്രാഞ്ച് സംഘം. മാത്രമല്ല അവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പോലും ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Trending News