close

News WrapGet Handpicked Stories from our editors directly to your mailbox

രാജ്കുമാറിന്‍റെ കസ്റ്റഡി മരണം: കേസ് സിബിഐയ്ക്ക് വിടാന്‍ തീരുമാനം

ജുഡിഷ്യല്‍ അന്വേഷണത്തിനൊപ്പം സിബിഐ അന്വേഷണവും നടക്കട്ടെ എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.  

Updated: Aug 14, 2019, 03:47 PM IST
രാജ്കുമാറിന്‍റെ കസ്റ്റഡി മരണം: കേസ് സിബിഐയ്ക്ക് വിടാന്‍ തീരുമാനം

സാമ്പത്തിക തട്ടിപ്പു കേസില്‍ പീരുമേട് സബ്‌ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ കേസന്വേഷണം സിബിഐയ്ക്ക് വിടാന്‍ തീരുമാനമായി.

മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. പൊലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയ്ക്കാണ് അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കേസ് സിബിഐക്ക് വിടണമെന്ന ആവശ്യമുന്നയിച്ച് രാജ്കുമാറിന്‍റെ കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിലവില്‍ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണവും ജുഡിഷ്യല്‍ അന്വേഷണവും നടക്കുന്നുണ്ട്. 

ജുഡിഷ്യല്‍ അന്വേഷണത്തിനൊപ്പം സിബിഐ അന്വേഷണവും നടക്കട്ടെ എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

കസ്റ്റഡിയിലിരിക്കെ രാജ്കുമാര്‍ മരണപ്പെട്ടത്തില്‍ പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. കേസിലെ ഒന്നാംപ്രതിയുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം. 

ഒന്നാം പ്രതിയ്ക്കും നാലാം പ്രതിയ്ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസന്വേഷണം സിബിഐക്ക് വിടണമെന്ന് കോടതി നിര്‍ദ്ദേശിച്ചാല്‍ അത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ എസ്പിവരെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.