രാജ്കുമാറിന്‍റെ കസ്റ്റഡി മരണം: എസ്‌പിക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്

കേസില്‍ പ്രതിപക്ഷമടക്കം നേരത്തെ തന്നെ എസ്പിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു.   

Last Updated : Jul 1, 2019, 09:53 AM IST
രാജ്കുമാറിന്‍റെ കസ്റ്റഡി മരണം: എസ്‌പിക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്

കോട്ടയം: റിമാന്‍ഡ്‌ പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ഇടുക്കി എസ്‌.പിക്ക് വീഴ്ച പറ്റിയതായി അന്വേഷണ സംഘം കണ്ടെത്തി. അന്വേഷണ സംഘത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എസ്‌.പിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്നാണ്.

കേസില്‍ പ്രതിപക്ഷമടക്കം നേരത്തെ തന്നെ എസ്പിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തില്‍ എസ്.പി.വേണുഗോപാലിനെ തല്‍സ്ഥാനത്ത്നിന്നും നീക്കാനാണ് സാധ്യത.

രാജ്കുമാറിന്‍റെ വീട്ടുകാര്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. അമ്മയും ഭാര്യയും ഭാര്യയുടെ സഹോദരനുമാണ് മുഖ്യമന്ത്രിയെ കാണാനായി എത്തുന്നത്. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം. ഇക്കാര്യം അവര്‍ മുഖ്യമന്ത്രിയേയും അറിയിക്കും.

മാത്രമല്ല കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെടും. ഇക്കാര്യങ്ങളില്‍ അനുഭാവപൂര്‍വമായ തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ഇരിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം.

Trending News