തലസ്ഥാനത്ത് ജാഥകള്‍ നടത്തണമെങ്കില്‍ ഒരാഴ്ച മുന്‍പ് അറിയിക്കണം

ഇനിമുതല്‍ ഒരു ആഴ്ച മുമ്പ് അനുമതി വാങ്ങിയ ശേഷം രാവിലെ 11നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ മാത്രമേ പ്രകടനങ്ങളും ജാഥകളും അനുവദിക്കൂ.

Last Updated : Jan 29, 2019, 10:10 AM IST
തലസ്ഥാനത്ത് ജാഥകള്‍ നടത്തണമെങ്കില്‍ ഒരാഴ്ച മുന്‍പ് അറിയിക്കണം

തിരുവനന്തപുരം: തലസ്ഥാനത്ത് ജാഥകള്‍ക്ക് നിയന്ത്രണം. ഒരാഴ്ച മുമ്പ് അനുമതി വാങ്ങാതെ ഇനി ജാഥകള്‍ അനുവദിക്കില്ലെന്നും ഉച്ചയ്ക്ക് ശേഷം ജാഥകള്‍ നടത്തുന്നത് തടയുമെന്നും പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു.

സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി നടത്തുന്ന ജാഥകളും ഗതാഗതക്കുരുക്കും പതിവ് സംഭവങ്ങളാണ്. എന്നാല്‍ ഇനി ഇത്തരം സമരങ്ങള്‍ മൂലമുള്ള ഗതാഗത കുരുക്ക് അനുവദിക്കാനാകില്ലെന്ന് കമ്മീഷണര്‍ പറഞ്ഞു. അനുമതി വാങ്ങാത്തവര്‍ക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. 

ഇനിമുതല്‍ ഒരു ആഴ്ച മുമ്പ് അനുമതി വാങ്ങിയ ശേഷം രാവിലെ 11നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ മാത്രമേ പ്രകടനങ്ങളും ജാഥകളും അനുവദിക്കൂ. റോഡ് നിറഞ്ഞുള്ള പ്രകടനങ്ങളും അനുവദിക്കില്ല. 

ഗതാഗതം തടസപ്പെടാത്തവിധം ഒരു വശത്ത് കൂടെ മാത്രമേ ജാഥ പോവുന്നുള്ളൂ എന്ന് പൊലീസ് ഉറപ്പാക്കും. പ്രകടനങ്ങള്‍ക്കായി എത്തുന്നവര്‍ വാഹനം, പ്രകടനം പോകുന്ന വഴിയില്‍ നിര്‍ത്താനും പാടില്ല. അനുമതി വാങ്ങാത്തവര്‍ക്കെതിരെയും സമയക്രമം തെറ്റിക്കുന്നവര്‍ക്ക് എതിരെയും കേസെടുക്കും എന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.തിരുവനന്തപുരം നഗരം കേരളത്തിന്റെ സമര തലസ്ഥാനമായിരിക്കുകയാണെന്ന് കമ്മീഷണര്‍ പറഞ്ഞു.

Trending News