അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരിയില്‍ റീപോളിംഗ് ആരംഭിച്ചു

തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് നടത്തിയ മോക് പോളിംഗിലെ വോട്ടുകള്‍ റദ്ദാക്കാന്‍ വിട്ടു പോയതാണ് കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്താന്‍ കാരണം.   

Last Updated : Apr 30, 2019, 09:21 AM IST
അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരിയില്‍ റീപോളിംഗ് ആരംഭിച്ചു

ഏറണാകുളം: ഏറണാകുളം ലോക്സഭ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരിലെ 83-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനില്‍ റിപോളിംഗ് ആരംഭിച്ചു. അധിക വോട്ട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീപോളിംഗ് നടക്കുന്നത്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. 

ബൂത്തിൽ പോൾ ചെയ്തതിതിനേക്കാൾ അധികം വോട്ട് ഇവിഎമ്മിൽ രേഖപ്പെടുത്തിയതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിംഗിന് ഉത്തരവിട്ടത്. 925 വോട്ടർമാരുള്ള ബൂത്തിൽ കഴിഞ്ഞ തവണ 715 പേരാണ് വോട്ട് ചെയ്തത്. 

തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് നടത്തിയ മോക് പോളിംഗിലെ വോട്ടുകള്‍ റദ്ദാക്കാന്‍ വിട്ടു പോയതാണ് കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്താന്‍ കാരണം. തുടർന്ന് റീപോളിംഗ് നടത്തണമെന്ന സ്ഥാനാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. 

ആലുവ തഹസിൽദാറാണ് പ്രിസൈഡിംഗ് ഓഫീസർ. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിഴവ് റിപോളിംഗിലേക്ക് നയിച്ച സാഹചര്യത്തിൽ ഉയർന്ന ഉദ്യോഗസ്ഥർക്കാണ് വോട്ടെടുപ്പിന്‍റെ ചുമതല. വോട്ടര്‍മാരുടെ ഇടതുകൈയിലെ നടു വിരലിലായിരിക്കും മഷി പുരട്ടുക.

Trending News