കള്ളവോട്ട്: കാസര്‍ഗോഡ് നാലു ബൂത്തുകളില്‍ റീപോളിംഗ് നടന്നേക്കും

റീപ്പോളിംഗ് ഞായറാഴ്ച നടത്തുമെന്നാണ് സൂചന. ഇത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമീഷന്‍റെ പ്രഖ്യാപനം ഇന്നുണ്ടാകും.    

Updated: May 16, 2019, 12:18 PM IST
കള്ളവോട്ട്: കാസര്‍ഗോഡ് നാലു ബൂത്തുകളില്‍ റീപോളിംഗ് നടന്നേക്കും

കാസര്‍ഗോഡ്: കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് സ്ഥിരീകരിച്ച ബൂത്തുകളില്‍ റീപ്പോളിംഗിനു സാധ്യത. കല്ല്യാശ്ശേരി, പയ്യന്നൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ്‌ റീപ്പോളിംഗിന് സാധ്യതയുള്ളത്.

കല്ല്യാശ്ശേരിയിലെ 19,69,70 ബൂത്തുകളിലും പയ്യന്നൂരിലെ 48ാം നമ്പര്‍ ബൂത്തുകളിലുമാണ് റീപ്പോളിംഗ് നടത്തുക. റീപ്പോളിംഗ് ഞായറാഴ്ച നടത്തുമെന്നാണ് സൂചന. ഇത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമീഷന്‍റെ പ്രഖ്യാപനം ഇന്നുണ്ടാകും.  

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തു. അതേസമയം കൂടുതല്‍ ഇടങ്ങളില്‍ റീപ്പോളിംഗ് വേണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.  മാത്രമല്ല വോട്ടിംഗ് 90 ശതമാനത്തിലധികമായ മണ്ഡലങ്ങളിലും റീപ്പോളിംഗ് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തായാലും സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന്‍ റീപ്പോളിംഗ് നടക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പിലാത്തറ യുപി സ്കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസാണ് കള്ളവോട്ട് വിവാദത്തിന് തിരി കൊളുത്തിയത്.

പിന്നീട് ഇടതുപക്ഷവും കള്ളവോട്ട് ആരോപണവുമായി മുന്നോട്ട് വന്നു. ഇതുവരെ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്.  ഇതില്‍ 13 പേര്‍ ലീഗുകാരും ബാക്കിയുള്ളവര്‍ സിപിഎമ്മുകാരുമാണ്.

ബൂത്തുകളെല്ലാം കണ്ണൂര്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇവയെല്ലാം തന്നെ കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ്.