സംസ്ഥാനത്തെ റീപോളിംഗിന്‍റെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ രഹസ്യമാക്കി

ഇവിടങ്ങളിലെ കളക്ടര്‍മാര്‍ക്ക് മാത്രമായിരിക്കും ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്നത്‌.  

Last Updated : May 19, 2019, 01:34 PM IST
സംസ്ഥാനത്തെ റീപോളിംഗിന്‍റെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ രഹസ്യമാക്കി

കാസര്‍ഗോഡ്: കള്ളവോട്ട് നടന്ന കണ്ണൂര്‍, കാസര്‍ഗോഡ് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലെ റീപോളിംഗിന്‍റെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ രഹസ്യമാക്കി. ഇതോടെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാനാകില്ല.

ഇവിടങ്ങളിലെ കളക്ടര്‍മാര്‍ക്ക് മാത്രമായിരിക്കും ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്നത്‌. ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ രേഖയാണെന്നും അതിനാലാണ് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് വരണാധികാരികള്‍ കൂടിയായ കളക്ടര്‍മാര്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.

ഏപ്രില്‍ 23 ന് നടത്തിയ വോട്ടെടുപ്പിന്‍റെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ തത്സമയം വെബ്സൈറ്റില്‍ ലഭിച്ചിരുന്നു. www.webcastkeralage2019.com എന്ന വെബ്സൈറ്റിലായിരുന്നു ദൃശ്യങ്ങള്‍ ലഭ്യമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ നോക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ ലഭ്യമല്ലയെന്ന സന്ദേശമാണ് ലഭിക്കുന്നത്.    

ഏപ്രില്‍ 23-ലെ തിരഞ്ഞെടുപ്പില്‍ നടന്ന പോളിംഗിലെ കള്ളവോട്ട് പ്രധാനമായും പുറത്തുവന്നത് വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളിലൂടെയാണ്. ഓരോ ബൂത്തുകളിലെയും വോട്ടുള്ള പ്രവാസികള്‍ ഗള്‍ഫിലിരുന്ന്‍ വോട്ടെടുപ്പ് തത്സമയം കാണുകയും സ്ക്രീന്‍ഷോട്ടെടുത്ത് പരാതി നല്‍കിയതിലൂടെയാണ്‌ റീപോളിംഗ് നടത്തേണ്ടിവന്നത്.

Trending News