വയനാട്ടിലെ ഏറ്റുമുട്ടല്‍: ആദ്യം വെടിവച്ചത് പൊലീസ്; വെളിപ്പെടുത്തലുമായി റിസോര്‍ട്ട് ജീവനക്കാര്‍

മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിർക്കുകയായിരുന്നുവെന്ന് ഉപവൻ റിസോർട്ട് മാനേജർ വ്യക്തമാക്കി.   

Updated: Mar 8, 2019, 08:46 AM IST
വയനാട്ടിലെ ഏറ്റുമുട്ടല്‍: ആദ്യം വെടിവച്ചത് പൊലീസ്; വെളിപ്പെടുത്തലുമായി റിസോര്‍ട്ട് ജീവനക്കാര്‍

കല്‍പറ്റ: വയനാട് വൈത്തിരിയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഉണ്ടായ വെടിവയ്പ്പില്‍ പൊലീസിന്‍റെ വാദം പൊളിയുന്നു. ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളാണെന്ന പൊലീസിന്‍റെ വാദം തള്ളി വൈത്തിരിയിലെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാർ രംഗത്തെത്തി.  

മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിർക്കുകയായിരുന്നുവെന്ന് ഉപവൻ റിസോർട്ട് മാനേജർ വ്യക്തമാക്കി. മാവോയിസ്റ്റുകൾ പ്രകോപന അന്തരീക്ഷം സൃഷ്ടിച്ചെന്ന പൊലീസ് വാദത്തെ തള്ളുന്നതാണ് റിസോര്‍ട്ട് അധികൃതരുടെ വെളിപ്പെടുത്തല്‍. 

മാവോയിസ്റ്റുകൾ പ്രകോപനം സൃഷ്ടിച്ചില്ലെന്ന് റിസോർട്ട് ജീവനക്കാരൻ പറഞ്ഞു. വെടിവയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളെന്നാണ് പൊലീസിന്‍റെ വാദം. പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നു കണ്ണൂർ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞത്. 

പൊലീസുകാർക്ക് പരിക്കില്ലെന്നും കണ്ണൂർ റേഞ്ച് ഐജി വ്യക്തമാക്കിയിരുന്നു. ഈ വാദമാണ് ഇപ്പോള്‍ പൊളിയുന്നത്. 

ബുധനാഴ്ച രാത്രിയാണ് വയനാട് വൈത്തിരിയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പുലര്‍ച്ചെ വരെ നീണ്ട ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവ് സിപി ജലീലാണ് മരിച്ചത്. ദേശീയ പാതയ്ക്ക് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു സംഭവം. 

മാവോയിസ്റ്റ് സിപി ജലീലിന്‍റെ പോസ്റ്റ് മോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. മൃതദേഹം വിട്ടു കിട്ടണമെന്ന സഹോദരൻ സിപി റഷീദിന്‍റെ ആവശ്യം പരിഗണിക്കുമെന്ന് പൊലീസ് പറഞ്ഞു. പത്ത് മണിയോടെ ഇത് സംബന്ധിച്ച് തീരുമാനം ബന്ധുക്കളെ അറിയിക്കും.